കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള സന്ദീപിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന.
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയാണു സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തതെന്നാണു ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. വ്യാജ സീല്‍ സംബന്ധിച്ച വിവരങ്ങളും അറ്റാഷെയ്ക്ക് അറിയാമായിരുന്നതായാണു ഇയാള്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഒരോ കടത്തിനും പ്രതിഫലവും നല്‍കിയിരുന്നു. ഇതിനുപുറമേ മദ്യവും ഒരുക്കി നല്‍കിയിരുന്നതായാണു പ്രതിയുടെ മൊഴിയെന്നാണു വിവരങ്ങള്‍.
സ്വപ്നയെ ഇന്ന് ചോദ്യം ചെയ്യുമെന്നാണു അധികൃതര്‍ നല്കുന്ന വിവരം. നേരത്തേ, എന്‍ഐഎയുടെ കസ്റ്റഡിയിലിരുന്ന കാലയളവില്‍ കസ്റ്റംസ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്.
അന്നും അറ്റാഷെയ്ക്ക് ഉള്‍പ്പെടെ സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായുള്ള ഇവര്‍ മൊഴി നല്‍കിയിരുന്നതായാണു പുറത്തുവന്ന വിവരങ്ങള്‍. മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും അഞ്ചു ദിവസത്തേക്കാണു കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടുലഭിച്ചിട്ടുള്ളത്.
സ്വപ്നയേയും സന്ദീപിനെയും അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്തൊക്കെ സഹായങ്ങളാണ് അറ്റാഷെയില്‍നിന്ന് ഉള്‍പ്പെടെ ലഭിച്ചതെന്ന് കസ്റ്റംസ് വിശദമായി ചോദിച്ചറിയുകയാണ്.
സ്വപ്നയും കൂടുതല്‍ മൊഴികള്‍ നല്‍കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അറ്റാഷെക്കെതിരേ സന്ദീപ് തിരിഞ്ഞിരുന്നു.
എന്തുകൊണ്ടാണ് അറ്റാഷെയെ അറസ്റ്റ്ചെയ്യാത്തതെന്നാണ് ഇയാള്‍ ചോദിച്ചത്. അതിനിടെ, കേസില്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികളെ കസ്റ്റംസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് കാര്‍ഗോ ക്ലിയറിംഗ് ഏജന്റ് നേതാവിനെ കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നേരത്തേയും ഇയാളെ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് ഓഫിസില്‍ വിളിച്ചുവരുത്തിയാണു ചോദ്യം ചെയ്യല്‍.