വിഴിഞ്ഞം: ആരുടെയും സഹായത്തിനായി കാത്തു നിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് സന്ധ്യ യാത്രയായി. നാടിന്റെ നൊമ്പരമായി എട്ടു വയസുകാരി വിസ്മയയും നാല് വയസുകാരി വൈഗയും.
ഒരു വർഷമായി രക്താർബുദത്തിന് ചികിത്സയിലായിരുന്ന, നെല്ലിമൂട് കോട്ടുകാൽ മുള്ളുവിള വീട്ടിൽ വിജയ സിങിന്റെ ഭാര്യ സന്ധ്യ (30) യാണ് മരണത്തിന് കീഴടങ്ങിയത്.
ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ലാത്ത കൂലിപ്പണിക്കാരനായ, സന്ധ്യയുടെ ഭർത്താവ് വിജയ സിങ് സന്ധ്യയുടെ അമ്മൂമ്മ ബേബിയുടെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്.
കല്ല് കെട്ടി ഷീറ്റ് മേഞ്ഞ വീട്ടിലെ കൊച്ചു മുറിയിൽ കഴിഞ്ഞു വരവേ 2019 ഡിസംബറിലാണ് സന്ധ്യയ്ക്ക് തൈറോയിഡ് കാൻസർ കണ്ടെത്തിയത്.
തുടർന്ന് ശസ്ത്രക്രീയ നടത്തി രോഗം ഭേദമായെന്ന് കരുതിയെങ്കിലും വിധി മറ്റൊരു രൂപത്തിൽ എത്തി. തുടർ പരിശോധനയിൽ രക്താർബുദം പിടിപെട്ടതായും കണ്ടെത്തി. തുടർന്ന് ഒരു വർഷമായി റീജണൽ കാൻസർ സെന്ററിലേക്ക് ചികിത്സ മാറ്റി.
അവസാന നാളിലെങ്കിലും സ്വന്തമായി ഒരു കൊച്ചുവീടെന്ന സന്ധ്യയുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഭൂമി വാങ്ങാൻ സ്വരുക്കൂട്ടി വച്ച അഞ്ച് ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചു.
എന്നാൽ കിമോ തെറാപ്പിയിലേക്ക് കടന്നപ്പോൾ തന്നെ സന്ധ്യ മൃതപ്രായയായി. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന് പ്രതീക്ഷിച്ചെങ്കിലും വിധി അതിനും അനുവദിച്ചില്ല.
അമ്മൂമ്മയുടെ വീട്ടുമുറ്റത്ത് തീർത്ത കുഴിമാടത്തിൽ ഇന്നലെ സന്ധ്യയുടെ സംസ്കാരം നടത്തി. നാട്ടുകാരും വീട്ടുകാരുമുൾപ്പെടെയുള്ള ജനാവലി കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയും നൽകി.
എംഎൽഎമാരായ കെ.ആൻസലൻ, ആർ.വിൻസെന്റ്, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
2012-ൽ നെല്ലിമൂട് മുലയൻ താന്നി ദേവീക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിലൂടെയാണ് വിജയസിങും സന്ധ്യയും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നത്.
നിർധന കുടുംബാംഗങ്ങളായ ഇരുവരും ആവുന്നത്ര കൂലിപ്പണികൾ ചെയ്താണ് ഇതുവരെ ജീവിച്ചതും സ്വന്തമായൊരു കൂര പണിയാൻ കുറച്ച് പണം സ്വരൂപിച്ചതും.
ദുരിതക്കയത്തിലായ സന്ധ്യയുടെ രോഗ വിവരമറിഞ്ഞ നാട്ടുകാർ ‘സന്ധ്യാ ” ചികിത്സ സഹായ സമിതി രൂപീകരിച്ച് കിട്ടിയ പ്രാഥമിക തുകയായ ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം വിജയ് സിങിന് നൽകിയിരുന്നു. കൂടുതൽ പണം കണ്ടെത്തി സഹായിക്കാനുള്ള നാട്ടുകാരുടെ ശ്രമവും ഒടുവിൽ വിഫലമായി.