കൊല്ലം : യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് പിന്നിൽ ഈശ്വരവിശ്വാസമില്ലായ്മയാണെന്ന് പി.സി.ജോർജ് എംഎൽഎ. മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മടവൂർ വാസുദേവൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിസിജോർജ്.
പണ്ട് നമ്മുടെ വീടുകളിൽ അമ്മമാർ കുട്ടികളോടൊപ്പം നടത്തുന്ന സന്ധ്യാപ്രാർഥന ഇന്ന് പല വീടുകളിലും ഇല്ലാത്തതാണ് ഇതിന് കാരണമെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട അമ്മമാർ നിർബന്ധമായും തങ്ങളുടെ മക്കളുമായി ചേർന്ന് വീടുകളിൽ സന്ധ്യാപ്രാർഥനകൾ നടത്തുന്നതിന് തയാറാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച സമൂഹത്തെ വാർത്തെടുക്കുവാൻ ബാല്യം മുതലുള്ള പരിശീലനം ഭവനങ്ങൾക്കുള്ളിൽ നിന്നാണ് ആരംഭിക്കേണ്ടത്. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ഏറെ സംഭാവനകൾ നൽകുവാൻ അമ്മമാർക്ക് കഴിയും. അങ്ങനെ വളരുന്ന കുട്ടികൾ ഒരു തരത്തിലുമുള്ള തെറ്റുകളിലും വഴുതിവീഴില്ലെന്നും പിസി ജോർജ് പറഞ്ഞു.
കഥകളി കലാകാരന്മാരെ വാർധക്യത്തിൽ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വം സർക്കാരുകൾക്കുണ്ട്. പ്രായാധിക്യം കൊണ്ടും രോഗങ്ങൾകൊണ്ടും കളിയരങ്ങിൽ നിന്നും വിടവാങ്ങുന്ന കലാകാരന്മാർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പി.സി.ജോർജ് പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മണ്ണൂർക്കാവ് വനദുർഗാപുരസ്ക്കാര സമർപ്പണം ബി. അജയകുമാർ നിർവഹിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ചെണ്ടവാദ്യരംഗത്തെ ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ ഏറ്റുവാങ്ങി.
കേരളകലാമണ്ഡലം റിട്ട.പ്രിൻസിപ്പൽ കലാമണ്ഡലം രാജശേഖരൻ മടവൂർവാസുദേവൻനായർ അനുസ്മരണപ്രഭാഷണം നടത്തി. ആയാംകുടി കുട്ടപ്പമാരാർ, വാരണാസി വിഷ്ണുനന്പൂതിരി, മാത്തൂർ ഗോവിന്ദൻകുട്ടി, തോന്നയ്ക്കൽ പീതാംബരൻ, ചവറ പാറുകുട്ടി, കോട്ടയം രാമകൃഷ്ണൻ, ഓയൂർ രാമചന്ദ്രൻ, കുറുർ വാസുദേവൻ നന്പൂതിരി, തലവടി അരവിന്ദൻ, മുതുപിലാക്കാട് കുട്ടൻപിള്ള, മുതുപിലാക്കാട് ചന്ദ്രശേഖരപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കേന്ദ്ര സംഗീതനാടകഅക്കാഡമി അവാർഡ് നേടിയ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെയും സ്കൂൾ യുവജനോത്സവത്തിൽ വിജയികളായ മണ്ണൂർക്കാവ് കഥകളിപഠനകേന്ദ്രത്തിലെ വിദ്യാർഥികളായ ചാരു ജയകൃഷ്ണ, ശരണ്യ സതീശൻ, അനന്തപത്മനാഭൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.