സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇപ്പോള്‍ പുതിയ വാര്‍ത്തയല്ല. അനുദിനമെന്നോണം സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍ സമീപകാലത്തായി ഇത്തരം പ്രവണതകളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്.
തെറ്റായി സ്പര്‍ശിച്ചാല്‍ അല്ലെങ്കില്‍ അശ്ലീല ചുവയുള്ള വാക്കുകള്‍ പറഞ്ഞാല്‍ അതും കേട്ട് തലകുമ്പിട്ട് മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇത്തരം പ്രതികരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
പലപ്പോഴും സ്ത്രീകള്‍ നേരിട്ട് പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഇത്തരം സംഭവങ്ങള്‍ക്കും കുറവുവന്നിട്ടുണ്ട്…
സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതികരണ ശേഷിയുള്ള പെണ്ശബ്ദങ്ങള് ഇന്നേറെയാണ്. അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ പേര് രംഗത്തുവരികയും ചെയ്യുന്നു.
ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപാനിയെ കൈകാര്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരിക്കുകയാണ് സന്ധ്യാ സുനില്‍ എന്ന പെണ്‍കരുത്ത്.
ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്ത മദ്യപാനിയെ ശാരീരികമായി നേരിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിനു പിന്നാലെ നിരവധി പേരാണ് പനമരം കാപ്പുംചാല്‍ സ്വദേശിനി സന്ധ്യക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളും, ചാനലുകളും വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
അതിന്റെ അലയൊലികള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സ്കൂള്‍ പ്രായം തൊട്ടേ പ്രതികരണശേഷിയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു സന്ധ്യ.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍വച്ച് ശല്യം ചെയ്തയാളെ അടിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ഒപ്പമുള്ളവരാരും പ്രതികരിച്ചിരുന്നില്ല. പക്ഷേ, വീട്ടുകാര്‍ തനിക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയിരുന്നുവെന്നും സന്ധ്യ പറഞ്ഞു.
പല സ്ത്രീകളെയും ഇത്തരത്തിലുള്ള അവസ്ഥ നേരിടുമ്പോള്‍ പ്രതികരിക്കാതെ സഹിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നു അവരോടൊക്കെ സധൈര്യം പ്രതികരിക്കാന്‍ ഉപദേശിക്കാറുണ്ടെന്നും സന്ധ്യ പറഞ്ഞു.
‘നമ്മള് പ്രതികരിച്ചാല്‍ നമ്മോടൊപ്പം ആളുകള്‍ ഉണ്ടാകും, മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതി പ്രതികരിക്കാതിരുന്നാല്‍ ആരും കൂടെയുണ്ടാവില്ല’- സന്ധ്യ രാഷ്ട്രദീപികയോട് പ്രതികരിച്ചു.
സംഭവം ഇങ്ങനെ..
പനമരത്തു നിന്നു വെങ്ങപ്പള്ളിയിലേക്ക് പോകുകയായിരുന്നു സന്ധ്യ. മാനന്തവാടിയിലെ ഒരു മാട്രിമോണി ഓഫീസില്‍ ജോലി ചെയ്യുന്ന ഇവര്‍, ജോലി സംബന്ധമായ ആവശ്യത്തിനു വേണ്ടി പോവുകയായിരുന്നു.
പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ട നേരത്താണ് മധ്യവയസ്കന് അടുത്തുവന്നിരുന്നത്. ഇരുന്നതു മുതല്‍ തന്നെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.
ആ സമയത്ത് അവശയായതുകൊണ്ട് ആദ്യം പ്രതികരിച്ചില്ല. വീണ്ടും തുടര്‍ന്നപ്പോള്‍ പിന്‍സീറ്റിലേക്ക് മാറിയിരിക്കാന്‍ നല്ല വാക്കുകളാല്‍ ആവശ്യപ്പെട്ടു.
അയാള്‍ അനുസരിക്കാതിരുന്നപ്പോള്‍ കണ്ടക്ടറോട് പറഞ്ഞു.ആ നേരത്താണ് ഇയാള്‍ ‘തനി സ്വഭാവം’ പുറത്തെടുത്ത്.
അതെല്ലാം കഴിഞ്ഞ് മുഖത്ത് തൊട്ടുകൊണ്ടുള്ള അതിരുകടക്കല്‍ തുടര്‍ന്നതോടെ സന്ധ്യയുടെ കൈ മധ്യവയസ്കന്റെ മേല്‍പതിഞ്ഞു. അതോടെ ബസിലുള്ളവര്‍ ഞെട്ടി.
പക്ഷെ സന്ധ്യയുടെ മുഖത്ത് കിട്ടേണ്ടത് കൊടുത്തു എന്ന ഭാവമായിരുന്നു. ബസില്‍ ഉണ്ടായിരുന്ന എല്ലാവരും സന്ധ്യയെ പിന്തുണച്ചിരുന്നു.
അടുത്ത സീറ്റുകളിലിരുന്ന മറ്റു സ്ത്രീകള്‍ അയാളോട് മാറിയിരിക്കാന്‍ പറയുകയും സന്ധ്യക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
കണ്ടക്ടറും മറ്റു ആളുകളും മധ്യവയസ്കനെ നേരിടാന്‍ ശ്രമിച്ചപ്പോള്‍ സന്ധ്യ തന്നെ തടഞ്ഞു.തന്നെ ഉപദ്രവിച്ചയാളെ താന്‍ തന്നെ കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞ് അടിക്കുകയും നിലത്തുവീണ ഇയാളെ ചവിട്ടുകയും ചെയ്തു.
ഇനി ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശമായി പെരുമാറരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
നെഗറ്റീവ് കമന്റുകളോട്…
തറയില്‍ കിടക്കുന്ന മദ്യപാനിയെയാണോ അടിക്കുന്നത്്്, പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാമായിരുന്നില്ലേ, വൈറല്‍ ആവാന്‍ വേണ്ടി ചെയ്തതാണോ – എന്നൊക്കെയുള്ള ചില നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാനില്ലെന്ന് സന്ധ്യ പറയുന്നു.
യാഥാര്‍ഥ്യം അറിയാതെ സംസാരിക്കുന്നവരോട് എന്ത് പറയാന്‍. എന്താണുണ്ടായതെന്ന് എല്ലാവര്ക്കും അറിയാം.
ബസിലുണ്ടായിരുന്ന സഹയാത്രികള്‍ക്കും അറിയാം. പിന്നെന്താ..? സന്ധ്യ ചോദിക്കുന്നു. തനിക്കു പിന്തുണ നല്കിയവരാണ് ഏറെ പേരും.
ഇത്തരത്തില്‍ ആരെങ്കിലും മോശമായി സംസാരിക്കുകയോ, സ്പര്‍ശിക്കുകയോ ചെയ്താല്‍ ഉടനെ പ്രതികരിക്കണം അതാണ് തന്റെ തീരുമാനം.
താന്‍ ഒറ്റക്ക് ജീവിക്കുന്ന വ്യക്തിയാണ്. മക്കള്‍ പഠിക്കുകയണ്. ഭര്‍ത്താവ് മരണപ്പെട്ടു. അതിനാല്‍ പലരും മോശം സമീപനവുമായി വരാനും സാധ്യതയുണ്ട്.
അവര്‍ക്കുള്ള മറുപടിയാണിത്. എന്നാല്‍ മാത്രമേ തനിക്ക് മുന്നോട്ട് ജീവിക്കാന്‍ സാധിക്കൂ എന്നും സന്ധ്യ വ്യക്തമാക്കി.
എല്ലാം സഹിച്ച് ഒതുങ്ങി കൂടേണ്ടവരല്ല നമ്മള്
പുരുഷനുള്ള അതേ സ്വാതന്ത്ര്യം രാജ്യത്ത് സ്ത്രീകള്‍ക്കുമുണ്ട്. സ്വാതന്ത്ര്യം പുരുഷനും സ്ത്രീക്കും ഒന്നിച്ചാണ് ലഭിച്ചത്. അതിനാല്‍ സ്ത്രീകള്‍ എല്ലാം സഹിച്ച് ഒതുങ്ങിക്കൂടേണ്ടവരല്ല.
പ്രതികരണ ശേഷിയുള്ളവരായി പെണ്‍കുട്ടികള്‍ ഉയര്‍ന്നുവരട്ടെ.സമ്മതമില്ലാതെ ആര്‍ക്കുംസ്വന്തം ശരീരത്തില്‍ സ്പര്ശിക്കുവാനുള്ള അവകാശം നല്‍കരുതെന്ന്് സന്ധ്യ വളര്‍ന്നു വരുന്ന പുതു തലമുറയോടായി പറയുന്നു.
അത് വെറുതേ പറയുകയല്ല സ്വന്തം ജീവിതം കൊണ്ട് കാണിച്ചുകൊടുക്കുമെന്ന നിശ്ചയദാര്‍ഢ്യവും അവരുടെ മുഖത്തുണ്ട്.
ഈ സംഭവത്തിനു ശേഷം നിരവധി അഭിനന്ദനങ്ങളാണ് സന്ധ്യയെ തേടിയെത്തിയത്. 20 വര്‍ഷം മുമ്പുള്ള പരിചയക്കാര് വരെ ഫോണ്‍ നമ്പര്‍ അന്വേഷിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.