നാലു ദിവസം നീണ്ടുനിന്ന നാടകങ്ങള്‍, കേസ്, അനുരഞ്ജന ശ്രമങ്ങള്‍ ഒടുവില്‍ അടിച്ചുപിരിഞ്ഞ സുഹൃത്തുക്കള്‍ ഒന്നായി. നടനും നിര്‍മാതാവും സുഹൃത്തുമായ വിജയ്ബാബുവുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. തങ്ങള്‍ തമ്മിലുണ്ടായ ചെറിയ പ്രശനം വലുതാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും തങ്ങളുടെ സൗഹൃദത്തിന്റെ പ്രകാശത്തില്‍ നിഴല്‍ വീഴ്ത്താന്‍ ഒന്നിനും കഴിയില്ലെന്നും ഇന്നലെ വൈകുന്നേരം ഫേസ്ബുക്കിലൂടെ സാന്ദ്ര അറിയിച്ചു. തൊട്ടുപിന്നാലെ വിജയ്ബാബുവും പോസ്റ്റുമായി രംഗത്തെത്തി. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും ഫ്രൈഡേ ഫിലിം ഹൗസ് തുടരുമെന്നും വിജയ്ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു. സാന്ദ്രാ എന്നും തന്റെ സുഹൃത്തും പങ്കാളിയുമായിരിക്കുമെന്നും ഒരു ചെറിയ സംഭവത്തെ വലുതാക്കിയവരോട് ക്ഷമിക്കാനാവില്ലെന്നും പോസ്റ്റിലുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ച കലൂര്‍ പൊറ്റക്കുഴിയിലെ ഫ്രൈഡേ ഫിലിം ഹൗസ് ഓഫീസിലെ മുറിയില്‍വച്ച് വിജയ്ബാബു തന്നെ ആക്രമിച്ചെന്നു കാണിച്ച് സാന്ദ്രാ തോമസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിജയ്ബാബുവിനെതിരെ എളമക്കര പോലീസ് കേസെടുത്തിരുന്നു. കേസിന്റെ അടിസ്ഥാനത്തില്‍ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു പോലീസ് കടന്നിരുന്നു. എന്നാല്‍, ഇതിനിടിയില്‍ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവരുമായി അടുത്ത സിനിമാക്കാര് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പ്രശ്നങ്ങള്‍ ഇത്ര വഷളായതില്‍ ഇരുവര്‍ക്കും വിഷമുണ്ടായിരുന്നെന്ന് സൂചനകളുണ്ടായിരുന്നു. നിര്‍മാണരംഗത്തും അഭിനയരംഗത്തും സജീവമായതിനാല്‍ ബിസിനസ് തര്‍ക്കം നിയമപ്രശ്നങ്ങളിലേക്ക് നീളുന്നതിനോട് ഇരുവര്‍ക്കും യോജിപ്പില്ലെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിംസില്‍ നിന്ന് തന്റെ പങ്കാളിത്തം ഒഴിയുന്നതിന് സാന്ദ്രാ തോമസ് നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നതായും ഓഹരി പങ്കാളിത്തം സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് നിയമപ്രശ്നങ്ങളിലെത്തിച്ചതെന്നും ഇവരുമായ അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്ന ഇവര്‍ തമ്മിലുള്ള തര്‍ക്കം സിനിമാ രംഗത്തുള്ളവരെ ഞെട്ടിച്ചിരുന്നു. രമ്യമായി പറഞ്ഞു തീര്‍ക്കേണ്ട വിഷയം ഇത്ര വഷളാക്കിയതില്‍ ഇരുവര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളുമായി ഇരുവരും രംഗത്തെത്തിയതും.
ഇരുവരുടെയും ഉടമസ്ഥയിലുള്ള സിനിമാ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊറ്റക്കുഴിയിലെ ഓഫീസില്‍ തന്റെ ഭര്‍ത്താവിന്റെ മുന്നില്‍വച്ച് വിജയ് ബാബു ആക്രമിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നുമായിരുന്നു സാന്ദ്ര തോമസിന്റെ പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. സാന്ദ്രയ്ക്ക് മര്‍ദനമേറ്റെന്ന് ആശുപത്രി അധികൃതരും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങള്‍ പൂര്‍ത്തിയാകും വരെ വിജയ്ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് തിടുക്കത്തിലുള്ള നടപടി വേണ്ടെന്ന് പോലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍, അന്വേഷണവുമായി മുന്നോട്ടുപോകുമെന്നാണ് എളമക്കര പോലീസ് അറിയിച്ചിരിക്കുന്നത്. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വിജയ് ബാബു മര്‍ദിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ കേസെടുത്തിട്ടുള്ളതിനാല്‍ കോടതിയിലെത്തിയ ശേഷമെ കേസവസാനിപ്പിക്കാന്‍ കഴിയുവെന്നും പോലീസ് പറഞ്ഞു.