കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലിം(25) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളജ് വിദ്യാര്‍ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയില്‍ വച്ചാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.
എട്ട് മാസം മുമ്പ് വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിസല്‍ട്ട് ലഭിച്ചത് വൈകിയായിരുന്നു. ഒടുവില്‍ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു.
വയറ്റിലെ മുഴ നീക്കം ചെയ്ത ശേഷം വീണ്ടും കടുത്ത നടുവേദനയുമായി സാന്ദ്ര കാനഡയിലെ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും വേദനസംഹാരി നല്കി സാന്ദ്രയെ മടക്കി അയച്ചു.
പിന്നീട് നടക്കാന്‍ പോലുമാകാതെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായി കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
തുടര്‍ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക ആവശ്യമായതിനെത്തുടര്‍ന്ന് വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്ന് ഗോ ഫണ്ട് വഴി തുക സമാഹരിച്ച് സാന്ദ്രയ്ക്ക് നല്കി.
പിന്നീട് തുടര്‍ചികിത്സയ്ക്കായി സാന്ദ്രയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. മികച്ച നര്‍ത്തകിയായ സാന്ദ്ര സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. നിരവധി ചലച്ചിത്ര താരങ്ങള്‍ ഫോളോ ചെയ്യുന്ന കലാകാരിയായിരുന്നു സാന്ദ്ര.