സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഗുരുതര പ്രശ്നമാണ് സൈബർ ബുള്ളിയിംഗ്. പ്രശസ്തരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ ദിനംപ്രതി ഇത്തരം പ്രവണതകൾ കൂടി വരികയാണ്. നടിയും നിർമാതാവുമായി സാന്ദ്ര തോമസിനെതിരേ കഴിഞ്ഞ ദിവസം ഒരാൾ അപകീർത്തികരമായ കമന്റിട്ടത് വാർത്തായായിരുന്നു.
രണ്ട് വയസ് പ്രായമുളള തന്റെ ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വീഡിയോ സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കാണ് ഒരാൾ അശ്ലീല കമന്റിട്ടത്. ശ്രദ്ധ കിട്ടണമെങ്കിൽ നിങ്ങൾ നഗ്നയായി വരണം എന്ന തരത്തിലായിരുന്നു ആ കമന്റ്.
കമന്റിനോട് സാന്ദ്ര പ്രതികരിച്ചത് വ്യത്യസ്തമായ തരത്തിലാണ്. സാന്ദ്ര അയാൾക്ക് നേരിട്ട് മെസേജ് അയച്ചു. ശ്രദ്ധ കിട്ടാൻ വേണ്ടി തന്നോട് നഗ്നയായി വരാൻ ആവശ്യപ്പെടുന്ന താങ്കളുടെ മെസേജ് ഒരു ഗ്രൂപ്പിൽ കണ്ടുവെന്നും ഒരു പെണ്കുട്ടിയുടെ അച്ഛനാണ് താങ്കൾ എന്നറിഞ്ഞ് താങ്കളുടെ കുടുംബത്തെ കുറിച്ചോർത്ത് ദുഃഖം തോന്നുന്നു എന്നുമാണ് സാന്ദ്ര അയച്ച മെസേജ്.
ഇക്കാര്യം സാന്ദ്ര തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കമന്റിട്ടയാളുടെ പേരും ചിത്രവും മറച്ച് വെച്ചായിരുന്നു സാന്ദ്രയുടെ പോസ്റ്റ്.
സാന്ദ്രയ്ക്കുണ്ടായ അനുഭവം വാർത്തയാവുകയും സംഗീത സംവിധായകൻ കൈലാസ് മേനോൻ അടക്കമുളളവർ പ്രതികരിക്കുകയുമുണ്ടായി. ഇതോടെയാണ് അശ്ലീല കമന്റിട്ടയാൾ മാപ്പുമായി രംഗത്ത് വന്നത്.
സാന്ദ്രയോട് മാപ്പ് പറഞ്ഞ ഇയാൾ ഇനി ആരോടും ഇങ്ങനെ ചെയ്യില്ല എന്നും പറഞ്ഞു. മാപ്പ് പറഞ്ഞുകൊണ്ടുളള മെസേജിന്റെ സ്ക്രീൻ ഷോട്ടും സാന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഇതെന്റെ ദിവസത്തെ കൂടുതൽ മികച്ചതാക്കി എന്നാണ് സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സാന്ദ്രയെ അഭിനന്ദിച്ച് നിരവധി പേർ കമന്റുമായി രംഗത്ത് വരുന്നുണ്ട്.