കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടിക്കെതിരേ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ട്. പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.
സംഘടിതമായി ഒരു സ്ത്രീക്കെതിരെ ചെയ്ത അനീതിയോട് പ്രതികരിച്ചതിനാണ് തന്നെ പുറത്താക്കിയത്. വനിത നിര്‍മാതാക്കള്‍ മാത്രമല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നത്. സംഘടനയ്ക്കെതിരെ ഭൂരിഭാഗം നിര്‍മാതാക്കളും നിലപാട് സ്വീകരിക്കാത്തത് ഭയം കൊണ്ട് മാത്രമാണ്. സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും താന്‍ പിന്നോട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി.
തന്നെപ്പോലെ ഇനിയും നിര്‍മാതാക്കള്‍ മുന്നോട്ടുവരാനുണ്ട്. വൈകാതെ ഇവരുടെ ഗോപുരം ഇടിഞ്ഞുവീഴുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. പുറത്താക്കലിനെതിരെ സാന്ദ്ര തോമസ് നല്കിയ ഹര്‍ജിയിലായിരുന്നു സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.