മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാക്കളാണ് വിജയ് ബാബു- സാന്ദ്ര തോമസ് സഖ്യത്തിന്റേത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിച്ച ഫിലിപ് ആന്‍ഡ് മങ്കിപെന്‍, ആമേന്‍, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. മികച്ച സൗഹൃദത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പെട്ടെന്ന് വിള്ളല്‍വീണതിന്റെ അന്ധാളിപ്പിലാണ് സിനിമാലോകം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പൊട്ടിത്തെറിയല്ല കഴിഞ്ഞദിവസത്തെ അടിപിടിയിലേക്ക് നയിച്ചതെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ നല്കുന്ന സൂചന.
അടുത്തിടെയാണ് സാന്ദ്ര വിവാഹിതയായത്. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ തോമസിനെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. സാന്ദ്രയുടെ വിവാഹശേഷമാണ് ഫ്രൈഡേ ഫിലിംസില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതത്രേ. വിജയ് ബാബുവിനു സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള വഴിയായി ഫ്രൈഡേ ഫിലിംസിനെ ഉപയോഗിക്കുന്നുവെന്ന പരാതി സാന്ദ്രയ്ക്കുണ്ടായിരുന്നു. ഫ്രൈഡേ ഫിലിംസിനെ വരുതിയിലാക്കാന്‍ ഇതിനിടെ വിജയ് ബാബു ശ്രമം തുടങ്ങിയിരുന്നു. സ്ക്രിപ്റ്റിംഗില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിജയ് കമ്പനിയുടെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഇതിനിടെ മലയാളത്തിലെ ഒരു പ്രമുഖ ചാനലിലേക്കുള്ള ടിവി പരിപാടികളും ഇവര്‍ നിര്‍മിച്ചുതുടങ്ങി. സാന്ദ്രയുടെ അഭിപ്രായം ആരായാതേ വിജയ് സ്വയമാണ് ഈ തീരുമാനമെടുത്തതത്രേ. ഇതും സാന്ദ്രയെ ചൊടിപ്പിച്ചു.
വിജയ് ബാബുവിനെതിരേ ചില വെളിപ്പെടുത്തലുകളുമായി സാന്ദ്ര മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനകളും ശക്തമാണ്. വിജയിന്റെ ചില ദുരൂഹ ഇടപാടുകളെക്കുറിച്ച് ലോകത്തെ അറിയിക്കുമെന്ന് ഇവര്‍ സുഹൃത്തുക്കളോട് പറഞ്ഞതായാണ് സൂചന. പത്രസമ്മേളനം വിളിച്ച് വിജയിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സാന്ദ്ര ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതേസമയം, ഉടമസ്ഥതര്‍ക്കത്തെത്തുടര്‍ന്ന് സാന്ദ്രാ തോമസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. വിവാഹത്തിനുശേഷം നിര്‍മാണക്കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തര്‍ക്കങ്ങളുണ്ടായിരുന്നു. അതു സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു സാന്ദ്രാ തോമസ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം. അവിടെ വച്ച് വിജയ്ബാബു സാന്ദ്രാ തോമസിനെ ഭര്‍ത്താവും ജീവനക്കാരും നോക്കി നില്‍ക്കേ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണു പാരാതി.
വയറില്‍ ചവിട്ടേറ്റ് കടുത്ത വയറ് വേദനയുണ്ടായ സാന്ദ്ര തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൊറ്റക്കുഴിയിലുള്ള കമ്പനിയുടെ ഓഫീസിലെത്തിയ സാന്ദ്രാ തോമസിനെ വിജയ് ബാബു മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. വിജയ് ബാബുവിന്റെ മൊഴിയെടുക്കല്‍ അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും കേസ് അന്വേഷിച്ചു വരികയാണെന്നും എളമക്കര എസ്‌ഐ ദിലീപ് കുമാര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാന്ദ്ര തോമസില്‍നിന്നു പോലീസ് വിശദമായ മൊഴിയെടുത്തിട്ടുണ്ട്.