കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയതിനെതിരേ സാന്ദ്രാ തോമസ് നിയമ നടപടിക്ക്. നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അവര്‍ എറണാകുളം സബ് കോടതിയെ സമീപിച്ചു.
തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനത്തിനെതിരേ ഫിലിം ചേംമ്പറിനും കത്ത് നല്‍കും. നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി.
അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി. രാഗേഷ്, സന്ദീപ് മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനിടെ തനിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നായിരുന്നു പരാതി. പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു. അതേസമയം, നിലവിലെ വിവാദത്തില്‍ പ്രതികരിക്കേണ്ടതില്ല എന്നാണ് ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷന്റെ തീരുമാനം.