കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരേ പ്രത്യേക അന്വേഷണ സംഘത്തിന് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് കത്തുനല്‍കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന വലിയ മൗനം പാലിച്ചുവെന്നും ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് സംഘടന നിലകൊള്ളുന്നതെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു.