വടകര: വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ്ബാങ്ക്സിനു സമീപത്തെ ഗ്രൗണ്ടിൽ വെള്ളം പൊങ്ങിയതിൽ ഡിവൈഎഫ്ഐക്കെതിരെ പരാതി. രണ്ടു മാസം മുന്പ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനു വേണ്ടി ഗ്രൗണ്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നുവെന്നും ഈ മണ്ണ് തിരിച്ച് ഗ്രൗണ്ടിൽ നിക്ഷേപിക്കാത്തതാണ് ഗ്രൗണ്ടിൽ വെള്ളംപൊങ്ങാൻ കാരണമായതെന്നുമാണ് നാട്ടുകാരായ ചിലരുടെ പരാതി.
ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ മാർച്ച് 31 നു നടത്തിയ ഫുട്ബോൾ മത്സരത്തിന് ഗ്രൗണ്ട് ഒരുക്കുന്നതിനു ജെസിബി ഉപയോഗിച്ച് മണൽ നീക്കം ചെയ്തിരുന്നു. ഇതോടെ ഗ്രൗണ്ടിന് നടുവിലായി കുളം രൂപത്തിൽ കുഴി പ്രത്യക്ഷപ്പെട്ടുവെന്നും കളി കഴിഞ്ഞിട്ടും നീക്കം ചെയ്ത മണൽ യഥാസ്ഥാനത്ത് കൊണ്ടിടാൻ മത്സരം സംഘടിപ്പിച്ചവർ മുതിർന്നില്ലെന്നുമാണ് ആക്ഷേപം.
കാലവർഷം കനത്തതോടെ ശക്തമായുണ്ടായ മഴയിൽ ഈ ഗ്രൗണ്ടിൽ സാധാരണയുണ്ടാകുന്നതിനേക്കാൾ വൻ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.പെരുന്നാൾ ദിവസം ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന സാൻഡ്ബാങ്ക്സിൽ വാഹനം പാർക്ക് ചെയ്യാൻ ഏറെ പ്രയാസപ്പെടും.
പ്രദേശത്തെ വിദ്യാർഥികളും മറ്റും സ്പോർട്സ് ആവശ്യത്തിന് സ്ഥിരമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിൽ വെള്ളം കയറിയതോടെ കളി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നാണ് വിവിധ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ പറയുന്നത്.
അതേസമയം ഡിവൈഎഫ്ഐക്കെതിരായ ആക്ഷേപം വസ്തുതക്ക് നിരക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കി.
ടൂർണമെന്റിനു ഗ്രൗണ്ട് ഒരുക്കാൻ ലോഡ് കണക്കിനു മണ്ണ് ഇവിടെ നിക്ഷേപിക്കുകയാണ് യഥാർഥത്തിൽ ചെയ്തത്. എല്ലാ മഴക്കാലത്തും വെള്ളം കയറാറുണ്ട്. ഡിവൈഎഫ്ഐക്കെതിരായ വിമർശനം രാഷ്ട്രീയപ്രേരിതമാണെന്നും നേതൃത്വം കുറ്റപ്പെടുത്തി.