തലശേരി: സ്കൂൾ കുട്ടികൾക്കൊപ്പം കവിത ചൊല്ലിയും കേസന്വേഷണങ്ങളിലെ സങ്കടങ്ങൾ പങ്കുവെച്ചും ആംഡ് ബറ്റാലിയൻ ഡിജിപി ബി.സന്ധ്യ. തലശേരി സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ തലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ മിഴി തുറന്ന് എന്ന പരിപാടിയിലാണ് ഡിജിപി കുട്ടികൾക്കൊപ്പം സംവദിച്ചു കൊണ്ട് ഒരു മണിക്കൂർ ചിലവഴിച്ചത്.
കുസൃതികൾ അതിരു കടക്കരുതെന്നും എന്ത് അബദ്ധങ്ങൾ സംഭവിച്ചാലും അത് രക്ഷിതാക്കളെയോ അധ്യാപകരേയോ പോലീസ് ഉദ്യോഗസ്ഥരേയോ അറിയിക്കാൻ മടിക്കരുതെന്നും ബി.സന്ധ്യ പറഞ്ഞു. താൻ എഎസ്പിയായിരിക്കെ ഉണ്ടായ അനുഭവം ഇന്നും മനസിൽ സങ്കടമായുണ്ട്.
സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസ് മനസിൽ നൊമ്പരമുണർത്തുന്നു. കേസിലെ പ്രതിക്ക് പതിനെട്ട് വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടിയെ മുമ്പൊരിക്കൽ പ്രതി ഉപദ്രവിച്ചിരുന്നു. അന്ന് പ്രതിയിൽ നിന്നും പെൺകുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പിന്നീട് ആസൂത്രിതമായി പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
പീഡിപ്പിക്കുന്നതിന് മുമ്പ് ആദ്യം നടന്ന സംഭവം വീട്ടിൽ പറത്തിരുന്നോ എന്ന് പ്രതി പെൺകുട്ടിയോട് ചോദിച്ചിരുന്നു. ആരോടും പറഞ്ഞില്ലെന്ന് പെൺകുട്ടി പ്രതിക്ക് മറുപടി നൽകിയിരുന്നു. ആദ്യ സംഭവം ആരും അറിയാത്തതു കൊണ്ടാണ് താൻ ധൈര്യപൂർവം പെൺകുട്ടിയെ രണ്ടാമത് പീഡിപ്പിച്ചതെന്നും കൊന്ന് തള്ളിയതെന്നും പ്രതി ചോദ്യം ചെയ്യലിൽ തന്നോട് പറഞ്ഞു. പ്രായം കുറവായതു കൊണ്ട് തന്നെ സംശയിക്കില്ലായെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്.
ആദ്യ സംഭവം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെങ്കിൽ ആ പെൺകുട്ടി കൊല്ലപ്പെടില്ലായിരുന്നു. നിർധന കുടുബത്തിന്റെ ആശ്രയമാകേണ്ട പതിനെട്ടുകാരൻ ജയിലിൽ ആകില്ലായിരുന്നു. അതു കൊണ്ട് ചെറിയ സംഭവങ്ങൾ പോലും രക്ഷിതാക്കളേയോ അധ്യാപകരയോ അറിയിക്കാൻ കുട്ടികൾ തയാറാകണം. ഈ പ്രായത്തിൽ പല പരീക്ഷണങ്ങളും കുട്ടികൾ നടത്തും. എന്നാൽ ഒന്നും അതിരു കടക്കരുത്. മയക്കു മരുന്ന് ഒരു തവണ പോലും പരീക്ഷിക്കരുത്.ഒ രിക്കൽ പോലും പരീക്ഷണത്തിന് പറ്റിയ സാധനമല്ല ലഹരി.
ഒരിക്കൽ പരീക്ഷിച്ചാൽ അതിൽ കുടുങ്ങി ജീവിതം നരക പൂർണമാകും. നിങ്ങൾ വലിയ സൗ കര്യങ്ങളോടെയാണ് ഇന്ന് ജീവിക്കുന്നത്. തന്റെ വിദ്യഭ്യാസ കാലത്ത് ടെലിവിഷൻ പോലും ഇല്ലായിരുന്നുവെന്നും ഇന്നത്തെ ആധുനിക സൗകര്യങ്ങൾ ജീവിതത്തിന്റെ വിജയത്തിനായി ഉപയോഗപ്പെടുത്തണമെന്നും ഡിജിപി തുടർന്നു പറഞ്ഞു. സീനിയർ ചേമ്പർ സ്കൂളിൽ സ്ഥാപിച്ച കാമറകളൂടെ സ്വിച്ച് ഓൺ കർമം ഡിജിപി നിർവഹിച്ചു.
സീനിയർ ചേമ്പർ പ്രസിഡന്റ് ടി.കെ. രജീഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി കെ.വി വേണുഗോപാൽ മുഖ്യ പ്രഭാഷണവും പി ടി എ പ്രസിഡന്റ് നവാസ് മേത്തർ ആമുഖ പ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ സരസ്വതി, റെജി ചീരൻ, രാഗേഷ് കരുണൻ എന്നിവർ പ്രസംഗിച്ചു.