മാവേലിക്കര: വിവാഹ സല്‍ക്കാരത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധം.
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് മണിക്കൂറോളം തട്ടാരമ്പലത്തിനുസമീപം റോഡ് ഉപരോധിച്ചു.
ഇന്നലെ വൈകിട്ട് 4മണിയോടെയായിരുന്നു സംഭവം. പത്തു പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും നാല് പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയില്‍ രഞ്ജിത് (33) ശനിയാഴ്ച ഉച്ചയോടെയാണു മരിച്ചത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ച മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം നടത്തിയതോടെ മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു.
ഒടുവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരുമായി സംസാരിച്ച് നല്കിയ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് മരിച്ച രഞ്ജിത്തിന്റെ സംസ്കാര കര്‍മങ്ങള്‍ നടന്നത്.
മാവേലിക്കരയില്‍ കഴിഞ്ഞ 26 നാണു സംഘര്‍ഷമുണ്ടായത്.വിവാഹ വീടിനു മുന്‍വശത്തു കൂടിയുള്ള റോഡില്‍ വീട്ടിലെത്തിയവര്‍ കൂടി നിന്നു മാര്‍ഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കു തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
നാട്ടുകാരനായ യുവാവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലയ്ക്ക് പരുക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രഞ്ജിത് ശനിയാഴ്ച ഉച്ചയോടെ മരിച്ചു.
കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവന് അഭിന്‍ (23), മറ്റം വടക്ക് ഹൈ വ്യൂ വീട്ടില്‍ നെല്‍സണ്‍ (54) എന്നിവരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നെല്‍സന്റെ മകന്റെ വിവാഹ സല്‍ക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘര്‍ഷം.