വടക്കഞ്ചേരി: കുടുംബശ്രീയുടെ സംഘ കൃഷിയെക്കുറിച്ച് പഠിക്കാൻ ഉത്തരേന്ത്യൻ സംഘം വണ്ടാഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഡൽഹി എന്നിവിടങ്ങളിൽനിന്നുമുള്ള ആറംഗസംഘമാണ് പഞ്ചായത്തിൽ എത്തിയത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പാട്ടത്തിനെടുത്ത 90 ഏക്കറിലാണ് സ്ത്രീകൾ സംഘകൃഷി നടത്തുന്നതെന്നു കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് ശാന്തകുമാരി പറഞ്ഞു. നെല്ല്, വാഴ, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
തരിശുനിലങ്ങളിലെ കൃഷികളും ഇവർക്കുണ്ട്.ഇതുകൂടാതെ സ്വയംതൊഴിൽ പദ്ധതിപ്രകാരം പലചരക്കുകട , ചൂരൽ ചെയർ നിർമാണം, ടൈലറിംഗ് പരിശീലനം, കാറ്ററിംഗ്, ചെടി നഴ്സറികൾ, അച്ചാർ പലഹാര നിർമാണം തുടങ്ങി സ്ത്രീകളുടെ ഇത്തരം സംരംഭങ്ങൾ സംഘത്തിന് ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
തൊഴിലിലെ ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നു സംഘാംഗങ്ങൾ പറഞ്ഞു.ഇവിടെ നിന്നുള്ള പുതിയ അറിവുകൾ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയാണ് ഈ ഒൗദ്യോഗിക സംഘത്തിന്റെ സന്ദർശന ലക്ഷ്യം. ജില്ലയിലെ തന്നെ ഏറ്റവും മികവേറിയ സ്ത്രീകളുടെ സംഘകൃഷിയുള്ളതു വണ്ടാഴിയിലാണെന്നതിനാലാണ് സംഘം ഇവിടെയെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേഷ്, വൈസ് പ്രസിഡന്റ് പി. ശശികല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബിത മുരളീധരൻ, ശശികുമാർ , ഷക്കീർ, സൗമിനി പ്രഭാകരൻ ഉൾപ്പെടെ സി ഡി എസ് മെന്പർമാർ, ചാർജ് ഓഫീസർ മൃദുല, ബ്ലോക്ക് കോ ഓർഡിനേറ്റർ ലീല തുടങ്ങിയവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.