കണ്ണൂർ: ആർഎസ്എസിനും സംഘപരിവാറിനുമെതിരേ ശക്തമായ നിലപാടുകളുമായി സിപിഎം മുന്നോട്ടുപോകുന്നതിനിടെ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സിപിഎം നേതാവിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.പ്രേമനെ പാർട്ടി ഭാരവാഹിത്തത്തിൽനിന്ന് ഒഴിവാക്കിയതായി സിപിഎം ഏരിയാ നേതൃത്വം അറിയിച്ചു.
ആർഎസ്എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂർ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ.കെ. പ്രേമൻ പങ്കെടുത്തത്.
കണ്ണൂർ ജില്ലയിൽ അക്രമം നടത്തുന്നത് സിപിഎമ്മാണെന്ന് ദേശീയതലത്തിൽ തന്നെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ ചടങ്ങിൽ സിപിഎം നേതാവ് പങ്കെടുത്തത് സിപിഎം ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നടപടി കടുത്ത അച്ചടക്ക ലംഘനമായാണ് പാർട്ടി വിലയിരുത്തിയത്. തുടർന്ന് ഏരിയാ കമ്മിറ്റി പ്രേമനോടു വിശദീകരണം തേടുകയും സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കുകയുമായിരുന്നു.