ബിജെപി ആസൂത്രിത ആക്രമണം നടത്തുന്നു: കോടിയേരി
തിരുവനന്തപുരം: ഒരു ആക്രമണങ്ങളെയും സിപിഎം പിന്തുണയ്ക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്രമണങ്ങൾക്ക് തുടക്കമിട്ടത് ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരേ ഉയർന്നുവന്നിട്ടുള്ള അഴിമതി പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുള്ളത്.
പാർട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. അക്രമസംഭവങ്ങളെ അപലപിക്കുന്നതായി കോടിയേരി വ്യക്തമാക്കി. ബിജെപി ആസൂത്രിതമായാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോലീസ് സംവിധാനം ഉപയോഗപ്പെടുത്തി സിപിഎം ആക്രമണം നടത്തുന്നു: ഒ. രാജഗോപാൽ
തിരുവനന്തപുരം: പോലീസ് സംവിധാനം ഉപയോഗപ്പെടുത്തി സിപിഎം ആക്രമണം നടത്തുന്നുവെന്ന് ഒ.രാജഗോപാൽ എംഎൽഎ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് സിപിഎം കൗണ്‍സിലറും പ്രാദേശിക നേതാക്കളുമാണ്. സിസിടിവി കാമറ ദൃശ്യങ്ങളിൽ ആക്രമണ രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുൻപും ഈ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ല. പോലീസ് നിഷ്ക്രിയമാണെന്ന സൂചനയാണ് സിപിഎമ്മിന്റെ ആക്രമണങ്ങളിലൂടെ പുറത്ത് വരുന്നത്. ബിജെപി ഓഫീസിന് മുന്നിൽ നാല് പോലീസുകാർ കാവലുണ്ടായിട്ടും ആക്രമണം നടത്താൻ എത്തിയ കൗണ്‍സിലറെ തടഞ്ഞത് ഒരു പോലീസുകാരൻ മാത്രമായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു.
കോടിയേരിയുടെ വീടിന് നേരെ ബിജെപി ആക്രമണം നടത്തിയിട്ടില്ല. ഡൽഹിയിൽ സീതാറാം യെച്ചൂരിയെ ആക്രമിച്ചു എന്ന സംഭവം പോലെ ആസൂത്രിതമായി സിപിഎം പറഞ്ഞ് പരത്തുന്നതാണ്. ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.