കാട്ടാക്കട: ഗൃഹപ്രവേശനചടങ്ങ് നടക്കുന്ന വീട്ടിൽ സംഘർഷം. സിപിഎം- ബിജെപി പ്രവർത്തകർക്ക് പരിക്ക്. ഇന്നലെ രാത്രി വിളവൂർക്കൽ പുതുവീട്ടുമേലെ ടി.ജെ. ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിലാണ് സംഘട്ടനം നടന്നത്.
രാത്രിയിൽ രാഷ്ട്രീയ സംഭവവികാസത്തെച്ചൊല്ലി നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകനായ അരവിന്ദിന്റെ തലയ്ക്കടിയേറ്റതോടെ അത് ചെയ്ത ബിജെപി പ്രവർത്തകനായ വിഷ്ണുവിന്റെ കൈ തല്ലി ഒടിച്ചു.
തുടർന്ന് സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മലയിൻകീഴിൽ നിന്നും പോലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
തുടർന്ന് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവർത്തകനായ അരവിന്ദ്, ബിജെപി പ്രവർത്തകരായ വിഷ്ണു, അഭിജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിളവൂർക്കൽ പ്രദേശം സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുന്നതും സംഘർഷമുണ്ടാകുന്നതും പതിവാണ്.