കാട്ടാക്കട: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്ന കാട്ടാക്കട മഠത്തികോണം ചായ്കുളത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. പോലീസുകാരനുൾപ്പെടെ 11 പേർക്കു പരിക്കേറ്റ ഇവിടെ വീണ്ടും സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അധികം പോലീസുകാരെ വിന്യസിച്ചിരിക്കുന്നത്. ഇരുപക്ഷക്കാർക്കെതിരെയും കേസെടുത്തതായി കാട്ടാക്കട സിഐ അനുരൂപ് അറിയിച്ചു. ഇനി സംഘർഷം തടയാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം. സംഘടിച്ചെത്തിയ ഇരു വിഭാഗങ്ങളും പോർവിളികളുമായി റോഡിൽ നിലയുറപ്പിച്ചതോടെ സംഘർഷം കനത്തു. തുടർന്ന് കല്ലേറായി. കല്ലേറിൽ സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ രാജൻ, ആർഎസ്എസ് പ്രവർത്തകരായ അനീഷ്, രതീഷ്, കുട്ടപ്പൻ, ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥുൻ, ഷിജിൻ, പ്രദീപ്, വിശാഖ്, വിപിൻ, നാട്ടുകാരായ ഷൈലജ, ഉഷ എന്നിവർക്കാണു പരിക്കേറ്റത്.
വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കീഴ് വാണ്ട ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ചു ക്ഷേത്ര ഭാരവാഹികളുൾപ്പെടെയുള്ളവർ ലോറിയിൽ വിറകു കയറ്റി വൈകിട്ട് ചായ്കുളം വഴി വന്നു. ചായ്കുളത്ത് എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്നവരും സ്ഥലത്തു ഫ്ളക്സ് വയ്ക്കുകയായിരുന്ന ചില ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നു. ഇതു നാട്ടുകാർ ഇടപെട്ടു പരിഹരിച്ചുവിട്ടു.
അൽപം കഴിഞ്ഞ് ഇതുവഴി വന്ന ക്ഷേത്ര ഭരണസമിതി സെക്രട്ടറി രതീഷിനെ ഒരു സംഘം മർദിച്ചതോടെയാണു പ്രശ്നങ്ങൾ വഷളായത്. എന്നാൽ വിറകുമായി വന്ന ലോറി മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നെന്നും ഇതേ തുടർന്നുള്ള വാക്കേറ്റമാണു സംഘർഷത്തിനു കാരണമെന്നും ഒരു വിഭാഗം പറയുന്നു.
രതീഷിനു മർദനമേറ്റതറിഞ്ഞു സംഘടിച്ചെത്തിയ ഒരു സംഘം ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചായ്ക്കുളത്തു കല്ലേറു നടത്തിയത്രെ. ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ തകർത്തു. പിന്നാലെ ഇവിടെ തന്പടിച്ച ഡിവൈഎഫ്ഐ പ്രവർത്തകരും കല്ലേറു തുടങ്ങി. കല്ലേറിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ കാട്ടാക്കട, മലയിൻകീഴ്, ആര്യനാട് സിഐ മാർ എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.