താനൂർ: താനൂർ തീരദേശത്ത് സിപിഎം-മുസ്ലീം ലീഗ് സംഘർഷം പതിവായതോടെ പ്രാണരക്ഷാർഥം ജനങ്ങൾ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നു. തുടർക്കഥയാകുന്ന തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ പോലീസും ഭരണകൂടവും ഇരുട്ടിൽതപ്പുകയാണ്. സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ നിരവധി വീടുകളും വാഹനങ്ങളുമാണ് തകർക്കുകയും കത്തിക്കുകയും ചെയ്തത്.
ഞായറാഴ്ച രാത്രി പത്തിനാണ് അക്രമം പൊട്ടിപുറപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെ ശക്തമായ കല്ലേറുണ്ടായി. ആക്രമണത്തിൽ താനൂർ സിഐ, എസ്ഐ മറ്റു പോലീസുകാർക്കും പരിക്കേറ്റു. പോലീസിന്റെ ഇടപെടലിനെത്തുടർന്നു സംഘർഷം ശാന്തമായെങ്കിലും പിന്നീട് പുലർച്ചെ രണ്ടോടെ മുസ്ളീം ലീഗിന്റെയും സിപിഎം പ്രവർത്തകരുടെയും നിരവധി വീടുകൾ തകർക്കുകയും ഇരുപത്തിയഞ്ചോളം വാഹനങ്ങൾ അക്രമികൾ തീവച്ചും കല്ലെറിഞ്ഞും തകർക്കുകയും ചെയ്തു.
അക്രമത്തിൽപ്പെട്ട് ഇരപത്തിയഞ്ചിലേറെ വീടുകളാണ് ഭാഗികമായി തകർന്നിട്ടുള്ളത്. കുഞ്ഞീന്റെപുരക്കൽ സൈനബയുടെ വീടിനുള്ളിലേക്കു പെട്രോൾ ബോംബ് എറിഞ്ഞു. ഇതോടെ വീടിനുള്ളിൽ തീപടർന്നു കട്ടിലും ഫർണീച്ചറുകളും തുണികളും കത്തി നശിച്ചു. രണ്ടു ദിവസം മുന്പും സൈനയുടെ വീടിനു നേരത്തെ ആക്രമണമുണ്ടായിരുന്നു. അക്രമം നടന്ന വീടുകളെല്ലാം മത്സ്യതൊഴിലാളി കുടുംബങ്ങളുടേതാണ്.
നിരവധി മത്സ്യ തൊഴിലാളികുടെ വള്ളങ്ങളും കത്തി നശിച്ചിട്ടുണ്ട്. തീരദേശത്തിനോടു ചേർന്നുണ്ടാക്കിയ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ, ഡീസൽ, വല, ഡ്രമ്മുകൾ എന്നിവയും നശിപ്പിച്ചു. 50 ലധികം പ്രാവുകളെ കൂട്ടിനുള്ളിൽ തീയിട്ട് കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ തിരൂർ, തിരൂരങ്ങാടി പ്രദേശങ്ങളിലെ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടന്ന തീരദേശത്ത് ഉത്തരമേഖല എഡിജിപി രാജേഷ് ദിവാൻ, ഇന്റലിജൻസ് എസ്പി സുനിൽകുമാർ, മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ എന്നിവർ സന്ദർശനം നടത്തി. മേഖലയിൽ കനത്ത പോലീസ് കാവലുണ്ട്.