പേരാമ്പ്ര: മുയിപ്പോത്ത് ആർഎംപിഐ – സിപിഎം സംഘർഷത്തിൽ ആറു പേർക്ക് പരിക്ക്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം നരിയമ്പത്ത് ദിനേശൻ (42) ആർഎംപി പേരാമ്പ്ര ഏരിയ കമ്മിറ്റി ചെയർമാൻ മണിയൻകുന്നുമ്മൽ മുരളീധരൻ (50), ഭാര്യ രജനി (46), മക്കളായ ബെഞ്ചമിൻ (24), ഇസ്ക്ര (22) ആർ. എംപി ഏരിയാ കമ്മിറ്റി അംഗം മാണിക്കോത്ത് പ്രജീഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ദിനേശൻ പേരാമ്പ്ര താലൂക്കാശുപത്രിയിലും മറ്റുള്ളവർ വടകര ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. ചെറുവണ്ണൂർ പഞ്ചായത്തിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് മുരളീധരൻ ഫെയ്സ് ബുക്കിലിട്ട ഒരു പോസ്റ്റാണ് സംഘർഷത്തിനു കാരണം. ഞായറാഴ്ച്ച രാവിലെ ഏഴിന് ദേശാഭിമാനി ഏജന്റ് കൂടിയായ ദിനേശൻ മുരളീധരന്റെ വീടിനു സമീപത്തുകൂടി പത്രമിടാൻ പോകുമ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുള്ള വാഗ്വാദം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
മുരളീധരൻ ദിനേശനെ മർദ്ദിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുരളീധരന്റെ വീട്ടിൽ കയറി ഭാര്യയേയും മക്കളേയും ഉൾപ്പെടെ മർദ്ദിച്ചെന്ന് പറയുന്നു. സംഭവം അറിഞ്ഞെത്തിയ ആർഎംപിഐ പ്രവർത്തകൻ പ്രജീഷിനെയും സിപിഎം പ്രവർത്തകർ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ ബൈക്ക് കേടുവരുത്തുകയും ചെയ്തു. മർദ്ദനമേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ പേരാമ്പ്രയിൽ നിന്നെത്തിയ ജീപ്പിനു നേരേയും ആക്രമണമുണ്ടായി.
ജീപ്പ് ഡ്രൈവർ പേരാമ്പ്ര സ്വദേശി ബിനേഷി (37) നാണ് മർദ്ദനമേറ്റത്. ദിനേശനെ മർദ്ദിച്ച മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ ആവശ്യം. പോലീസ് ജീപ്പിൽ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കവും സിപിഎമ്മുക്കാർ തടഞ്ഞു. പിന്നീട് ഓട്ടോറിക്ഷയിലും പോലീസ് ജീപ്പിലുമായി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.