കോട്ടയം: തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുദ്യോഗസ്ഥൻ മരിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ്(44) ആണ് ആണ് മരിച്ചത്.
നിരവധി കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് അക്രമം നടത്തിയത്.ഇന്ന് പുലർച്ചെ ഒന്നോടെ ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്.
ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വീഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.
പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സിഐ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പോലീസ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാലോടെ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ.