തിരുവനന്തപുരം: സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കും. . സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടറോട് ശുപാർശ ചെയ്തു. പോലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ വെങ്കിടേസപതി നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് ഉച്ചയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കും.
കോവളം എംഎൽഎ വിൻസന്റിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഇന്നലെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റൂറൽ എസ്പി. പി. അശോക് കുമാർ ജില്ലാ കളക്ടറോട് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശുപാർശ ചെയ്തത്.
ഇന്നലെ ബാലരാമപുരത്ത് സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിചാർജ് നടത്തിയിരുന്നു. പ്രവർത്തകർ രണ്ട് ചേരിയായി തിരിഞ്ഞ് കല്ലേറ് ആരംഭിച്ചതിനെ തുടർന്നാണ് പോലീസ് ലാത്തി ചാർജ് നടത്തിയത്. യുഡിഎഫിന്റെ സമരപന്തൽ പോലീസും എൽഡിഎഫ് പ്രവർത്തകരും ചേർന്ന് അടിച്ച് തകർത്തുവെന്ന് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
ഇന്നലെ നടന്ന സംഘർഷത്തിൽ നാല് എസ്ഐ മാർക്കും പത്തോളം വരുന്ന യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഇരു പാർട്ടികളിലെയും എംഎൽഎ മാരുടെയും നേതാക്കൻമാരുടെയും വീടുകളിലേക്ക് മാർച്ച് നടത്താൻ പാർട്ടി നേതാക്കൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പോലീസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കാട്ടാക്കടയിൽ എൽഡിഎഫ്-ബിജെപി സംഘർഷവും നടക്കുകയാണ്. ഇതേ തുടർന്നാണ് കാട്ടാക്കടയിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ശുപാർശ ചെയ്തത്.