കൂത്തുപറമ്പ്: നീണ്ടവർഷത്തെ സംഗീതസപര്യയ്ക്കുള്ള അംഗീകാരമായി സംഗീതരത്ന പുരസ്കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ആനന്ദകുമാറും ഭാര്യ റീജയും. തികച്ചും സംഗീതമയമാണ് കൂത്തുപറമ്പ് സ്വദേശികളായ ഈ ദമ്പതികൾക്ക് ജീവിതം.
ചെറുപ്പം മുതലേ സംഗീത മേഖലയിൽ പിച്ചവച്ചു തുടങ്ങിയതാണ് കൂത്തുപറമ്പിനടുത്ത് പുറക്കളം ബത്തേരിപറമ്പിൽ ആനന്ദകുമാർ.1999 ൽ പാനൂരിൽ ത്യാഗരാജ സംഗീത വിദ്യാലയം ആരംഭിച്ചതോടെ പ്രവർത്തനമേഖല സജീവമായി. ഏറ്റവുമൊടുവിൽ പാനൂർ സ്വദേശി സജീവ് കിളികുലം സംവിധാനവും ഗാനരചനയും നിർവഹിച്ച പുതിയ സിനിമയ്ക്ക് ആനന്ദകുമാറിന്റെ സംഗീത സംവിധാനത്തിൽ ഭാര്യ റീജ ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഈ വർഷത്തെ കലാനിധി പുരസ്കാരത്തിനാണ് ഇരുവർക്കും വഴി തുറക്കപ്പെട്ടത്.
പാരമ്പര്യമായി പകർന്നു കിട്ടിയതാണ് ഇരുവർക്കും സംഗീതം. നാദസ്വര വിദ്വാനും സംഗീതജ്ഞനുമായ പിതാവ് ആണ്ടി ഭാഗവതരിൽ നിന്നും മാതാവ് വളളിയമ്മയിൽ നിന്നും ദേവീ സ്തോത്രങ്ങളും മറ്റും കേട്ട് സംഗീതരംഗത്തേക്കിറങ്ങിയ ആനന്ദകുമാർ കെ.വി.ശങ്കരമാരാരെ ആദ്യ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങി. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തെ കുറിച്ച് ഇറക്കിയ ആൽബം ഗാനത്തിന് സംവിധാനം നിർവഹിച്ചതും ഇദ്ദേഹമായിരുന്നു.
സഹോദരങ്ങളായ, കൂത്തുപറമ്പിലെ ത്യാഗരാജ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനും പ്രസിദ്ധ സംഗീതജ്ഞനുമായ പത്മനാഭൻ, തബലിസ്റ്റ് വിജയൻ, പുരുഷോത്തമൻ എന്നിവരൊക്കെ ഈ മേഖലയിൽ സജീവമാണ്. ആനന്ദകുമാറിന്റെ ഭാര്യയായ എം.വി.റീജ കണ്ണൂർ എഫ്എം സ്റ്റേഷനിൽ ലളിതസംഗീത വിഭാഗം ആർട്ടിസ്റ്റും മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സംഗീത അധ്യാപികയുമാണ്.
നേരത്തെ സംഗീത കച്ചേരികളിലും ഗാനമേള ട്രൂപ്പുകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായണൻ, ദേവരാജൻ മാസ്റ്റർ എന്നിവരോടൊപ്പമൊക്കെ ഗാനമാലപിക്കാനായിട്ടുണ്ട് റീജയ്ക്ക്. തിരുവനന്തപുരത്തെ ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ കലാനിധി സംഗീതരത്ന പുരസ്കാരമാണ് ഇരുവർക്കും ലഭിച്ചത്.