പ്രദീപ് ഗോപി
അടുത്തയിടെ ഒരു പൊതുചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ കാണുന്ന അഭിനേത്രി ആരെന്നു തിരിച്ചറിയാന്‍ കഴിയുന്നവരുണ്ടോ എന്നൊരു കുറിപ്പുമുണ്ടായിരുന്നു. ഉടനെ വന്നു കമന്റ്, ഇതു നമ്മുടെ ശ്യാമളയല്ലേ? അതേ, ചിന്താവിഷ്ടയായ ശ്യാമള തന്നെ!
ആ സിനിമ കണ്ടിട്ടുള്ളവർക്ക് ഉത്തരം പറയാൻ ഒരു നിമിഷംപോലും വേണ്ടി വന്നില്ല. കാരണം, അന്നത്തെ ശ്യാമളയിൽനിന്ന് ഇന്നത്തെ സംഗീതയ്ക്കും കാര്യമായ ഒരു മാറ്റവുമില്ല. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ നായികയായെത്തി മലയാളികളുടെ മനസ് കീഴടക്കിയ സംഗീതതന്നെ.
തിരിച്ചുവരവ്
സ്വന്തം പേരിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ സംഗീതയെ ഓര്‍ത്തിരിക്കുന്നതു ശ്യാമള എന്ന പേരിലാണ്. നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. കുഞ്ചാക്കോ ബോബന് നായകനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്.
ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൃത്യമായി പറഞ്ഞാല്‍ ഒമ്പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംഗീതയുടെ മടങ്ങി വരവ്. 2014ല്‍ പുറത്തു വന്ന “നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന മലയാള സിനിമയിലാണ് സംഗീത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
വിളികള്‍ വന്നുകൊണ്ടേയിരുന്നു
ഞാനൊരു ഇടവേളയെടുത്തതായി എനിക്കു അനുഭവപ്പെടുന്നില്ല. 2000ൽ കല്യാണവും തുടർന്ന് മകളുടെ ജനനവുമൊക്കെയായപ്പോൾ സിനിമയിൽ സജീവമല്ലാതായി. ഇടയ്ക്ക് 2014ൽ നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമ ചെയ്തു. തുടർന്ന് ഒൻപതു വർഷങ്ങൾക്കുശേഷം ഇപ്പോൾ ചാവേർ.
കല്യാണം കഴിഞ്ഞശേഷവും നിരവധി പ്രോജക്ടുകളിലേക്കു വിളി വന്നിരുന്നു. എന്നാൽ, മകള്‍ ജനിച്ച ശേഷം അവളിലായിരുന്നു എന്റെ എല്ലാ ശ്രദ്ധയും. അതുകൊണ്ടാണ് സിനിമകള്‍ സ്വീകരിക്കാതിരുന്നത്. സിനിമകളിലേക്കുള്ള വിളികള്‍ ഇടയ്ക്കിടെ വന്നുകൊണ്ടേയിരുന്നതിനാല് ഒരിടവേള വന്നതായി തോന്നിയിട്ടേയില്ല.
അതിൽ ഞാന്‍ ഇംപ്രസ്ഡ് ആയി
ഒരു പുതിയ പ്രോജക്ട് ഉണ്ടെന്നു പറഞ്ഞ് ടിനുവാണ് എന്നെ ചാവേറിലേക്കു വിളിക്കുന്നത്. ടിനുവിന്റെ ഫിലിം മേക്കിംഗ് അറിയാനായി അദ്ദേഹത്തിന്റെ അജഗജാന്തരം, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്നീ സിനിമകള്‍ കണ്ടു. അതിൽ ഞാന്‍ വളരെ ഇംപ്രസ്ഡ് ആയി.
പിന്നീടു ചാവേറിലെ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. ചെറിയ വേഷമാണെങ്കിലും ആ കഥാപാത്രത്തിന്റെ പ്രാധാന്യം വിശദീകരിച്ചുതന്നു. ആ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചെയ്യാമെന്നു വച്ചത്.
അപ്പോഴെനിക്ക് 19
എന്നേക്കാള്‍ പ്രായം കൂടുതലുള്ള കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തതില്‍ കൂടുതലും. പലരും ചോദിക്കാറുള്ള ഒരു കാര്യമാണിത്. മുമ്പ് ചിന്താവിഷ്ടയായ ശ്യാമള ചെയ്തപ്പോഴും ഇപ്പോള്‍ ചാവേര്‍ ചെയ്യുമ്പോഴും അങ്ങനെതന്നെ. കഥാപാത്രത്തിന്റെ പ്രായം എനിക്കൊരു പ്രശ്നമേയല്ല. 90 വയസുള്ള കഥാപാത്രമായാലും ഞാന്‍ തയാറാണ്, പക്ഷേ, തിരക്കഥ ഇഷ്ടപ്പെടണം. ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ എനിക്കു വയസ് 19 മാത്രമായിരുന്നു.
ഓഡിഷനു വന്നതെന്നു കരുതി
അവിചാരിതമായാണ് ഞാന്‍ സിനിമയിലെത്തിയത്. ബോളിവുഡ് സിനിമ മിസ്റ്റര്‍ ഇന്ത്യ തമിഴിലേക്കു റീമേക്ക് ചെയ്യുകയാണ്. അനില്‍ കപൂറും ശ്രീദേവിയിരുന്നു ഹിന്ദിയില്‍. തമിഴ് റീമേക്ക് “എന്‍ രക്തത്തില്‍ രക്തമേ’യില്‍ ഭാഗ്യരാജും മീനാക്ഷി ശേഷാദ്രിയുമാണ് നായികാനായകന്മാരായെത്തിയത്.
ആ പടത്തിന്റെ ഓഡിഷന് നടക്കുമ്പോള്‍ എന്റെയൊരു ബന്ധുവും കുടുംബസുഹൃത്തുമായ ഒരു ആന്റി എന്റെ ഏട്ടനെ അതിനായി കൊണ്ടുപോയി. ഓഡിഷനു കൂട്ടു പോയപ്പോള്‍ അമ്മയുടെ കൂടെ പത്തു വയസുകാരിയായ ഞാനും വെറുതേ പോയി.
എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ ഓഡിഷനിലൂടെ അവർക്കു കണ്ടെത്താനായില്ല. ഞാനും ഓഡിഷനു വന്നതാണെന്ന് അണിയറക്കാര്‍ കരുതി. അവർ എന്നെയും വിളിച്ചു. സത്യത്തില്‍ അവിടെ എന്താണു നടന്നതെന്നുപോലും എനിക്കു ശരിക്കും മനസിലായില്ല. സിനിമയിലേക്കു ഞാനും തെരഞ്ഞെടുക്കപ്പെട്ടു. പത്തു വയസുള്ളപ്പോഴായിരുന്നു അത്. പിന്നീട് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മലയാളത്തില്‍ നാടോടി എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
തിരക്കിനിടെ ശ്യാമള
തമിഴിലും കന്നടയിലും മലയാളത്തിലുമൊക്കെയായി തിരക്കിലായിരുന്ന സമയത്താണ് ചിന്താവിഷ്ടയായ ശ്യാമളയിലേക്കു വിളിക്കുന്നത്. ശ്യാമളയ്ക്കു മുമ്പു മന്ത്രികുമാരന്, കാറ്റത്തെ പെണ്‍പൂവ്, അനിയന്‍ബാവ ചേട്ടന്‍ബാവ തുടങ്ങിയ മലയാള സിനിമകള്‍ ചെയ്തിരുന്നു.
ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളാണ് ശ്രീനി സാര്‍. അതിനു മുമ്പ് ഞാന്‍ നായികയായ “പുള്ളക്കുട്ടിക്കാരന്‍’ എന്നൊരു തമിഴ് സിനിമയില്‍ ശ്രീനിസാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അങ്ങനെ നേരത്തേതന്നെ അദ്ദേഹത്തെ അറിയാമായിരുന്നു.
അദ്ദേഹത്തിന്റെ സിനിമകളും ക്രിയേറ്റിവിറ്റിയും വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ എന്നുകൂടി കേട്ടപ്പോൾ ആവേശമായി. സിനിമയുടെ ടൈറ്റിലില്‍ വരുന്ന കഥാപാത്രത്തെത്തന്നെ അവതരിപ്പിക്കാന്‍ അവസരമെന്നറിഞ്ഞപ്പോൾ വേറൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അങ്ങനെ ശ്യാമളയായി.
ശ്യാമളേ എന്ന വിളി ഇപ്പോഴും
ചിന്താവിഷ്ടയായ ശ്യാമള ഇറങ്ങിയ അന്നുതൊട്ട് ഇന്നുവരെ കേരളത്തില്‍ മാത്രമല്ല, മലയാളികളുള്ള എവിടെപ്പോയാലും ആ സിനിമ കണ്ടവരെല്ലാം ശ്യാമള എന്നാണ് വിളിക്കുന്നത്. അവര്‍ക്കു സംഗീതയെ അറിയില്ല.
ആ ശ്യാമളയുടെ വില എനിക്കു നന്നായറിയാം. വലിയ സന്തോഷം. എപ്പോഴും ആളുകള്‍ വന്നു ശ്യാമളയെന്നു വിളിച്ച് സംസാരിക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ റിഫ്രഷ് ആകുന്നത് ഞാനാണ്.
വ്യത്യസ്ത വേഷങ്ങള്‍ വന്നാല്‍ വിടില്ല
പരാക്രമം എന്നൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തൃശൂരാണ് ലൊക്കേഷന്‍. ക്രിയേറ്റർമാരെ എനിക്ക് എന്നും ഇഷ്ടം. വ്യത്യസ്ത വേഷങ്ങള്‍ വന്നാല്‍, എനിക്കു ചെയ്യാന്‍ പറ്റും എന്നുകൂടി തോന്നിയാല്‍ തീര്‍ച്ചയായും ചെയ്യും.
മലപ്പുറം കോട്ടയ്ക്കലാണ് അച്ഛന് മാധവന്റെ വീട്. പാലക്കാട്ടാണ് അമ്മ പത്മാവതിയുടെ വീട്. ഭര്‍ത്താവ് ശരവണന് സംവിധായകനും സിനിമാട്ടോഗ്രാഫറുമാണ്. മകള്‍ സായ് തേജസ്വതി പൈലറ്റ് ട്രെയ്നിംഗ് കഴിഞ്ഞ് നില്ക്കുന്നു. വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും മിക്കപ്പോഴും നാട്ടിൽ അച്ഛനെയും അമ്മയെയും കാണാൻ വരാറുണ്ട്.