ഇടുക്കി: വിവാദ സിനിമ ദി കേരള സ്റ്റോറി എസ്എൻഡിപി കുടുംബയോഗങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഇടുക്കി എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും നിലനിൽക്കുന്നുണ്ട്. ഈ വിഷയം എസ്എൻഡിപി ചർച്ച ചെയ്തിട്ടുള്ളതാണ്.
എസ്എൻഡിപി കുടുംബയോഗങ്ങളിലും വനിതാ സംഘങ്ങളിലും ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കുമെന്നും എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥൻ പറഞ്ഞു.
അതേസമയം, സിനിമ പ്രദർശിപ്പിക്കുന്നതിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎയുടെ വയനാട് സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ദി കേരള സ്റ്റോറി യഥാർഥ സംഭവമാണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് നടന്നതിന് തെളിവുണ്ടെന്നും, ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതും നാളെ നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.