ഇന്ത്യന് വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന് തയ്യാറെടുത്ത് ഉത്തര്പ്രദേശ് മിര്സപുര് സ്വദേശി സാനിയ മിര്സ.
നാഷനല് ഡിഫന്സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്സ ജയിച്ചത്. പൂനയിലെ നാഷനല് ഡിഫന്സ് അക്കാദമിയില് ഡിസംബര് 27ന് സാനിയ പ്രവേശനം നേടും.
നാഷണല് ഡിഫന്സ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ല് പരീക്ഷ നടന്നത്. അതില് 19 എണ്ണം സ്ത്രീകള്ക്കാണ്.
ഇതില് രണ്ടു സീറ്റുകള് വനിതാ യുദ്ധവിമാന പൈലറ്റുകള്ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്.
ടെലിവിഷന് മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തില് പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു.
ഹിന്ദിമീഡിയം സ്കൂളില് പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില് ജില്ലാതലത്തില് ഏറ്റവും കൂടുതല് മാര്ക്ക് നേടിയതും സാനിയ ആയിരുന്നു.
രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ആവ്നി ചതുര്വേദിയാണ് തന്റെ റോള് മോഡലെന്ന് സാനിയ പറയുന്നു. തുടക്കം മുതല് അവരെപ്പോലെയാകണമെന്നു മോഹിച്ചിരുന്നുവെന്നും സാനിയ കൂട്ടിച്ചേര്ത്തു.