നിങ്ങള്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ പറയാന്‍? നിങ്ങളും ഒരു ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെയല്ലേ വന്നത്; ആളുകളുടെ അനാവശ്യ ഉപദേശങ്ങള്‍ക്ക് ചുട്ട മറുപടിയുമായി സാനിയ മിര്‍സ

പല കാലത്തും പല കാരണങ്ങളുടെ പേരില്‍ സോഷ്യല്‍മീഡിയയുടെ ആക്രമണങ്ങള്‍ക്ക് വിധേയയാവേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ടെന്നീസ് താരം സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമായിരുന്നു അക്കൂട്ടത്തിലൊന്ന്. പ്രമുഖരുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുന്ന സ്വഭാവം ആളുകള്‍ ഇതുവരെയായും നിര്‍ത്തിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പുതിയ വിവാദം.

സാനിയയും ഷുഹൈബും ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ ബേബി ഷവര്‍ ആഘോഷങ്ങളുടെ ഭാഗമായി അവര്‍ പങ്കുവച്ച് ചിത്രങ്ങള്‍ക്കു നേരെ സദാചാര വാദികള്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. സാനിയയുടെ വസ്ത്രമായിരുന്നു അവരുടെ പ്രധാന പ്ര
ശ്‌നം.

അതിന് പിന്നാലെയാണ് ഗര്‍ഭകാലത്തെ കുറിച്ച് തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയവര്‍ക്കെതിരേ സാനിയ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയുള്ള ആളുകളുടെ ഉപദേശങ്ങള്‍ അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരേ ട്വിറ്ററില്‍ തന്നെ എത്തിയത്.

ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ് സാനിയ തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും സാനിയ ചോദിക്കുന്നു.

സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല. ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്, സാനിയ ട്വീറ്റ് ചെയ്തു.

Related posts