മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ : പ്ലാസ്റ്റിക് മുക്ത ഭാരതപ്പുഴ….. ഇതാണ് പരുത്തിപ്ര മണ്ണാത്തിന്മാരിൽ സാനിക്കിന്റെയും കുടുംബത്തിന്റെയും വലിയ സ്വപ്നം.സ്വപ്നം കണ്ട് വീട്ടിലിരുന്നാൽ കാര്യം നടക്കില്ലന്ന് തിരിച്ചറിഞ്ഞ സാനിക്ക് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യജ്ഞത്തിലാണ്.
ബോധവത്ക്കരണവും പ്രവത്തനങ്ങളും സ്വന്തം നിലക്ക് തന്നെ തുടങ്ങാമെന്ന് അദ്ദേഹം തീരുമാനിച്ചു.ഭാരതപ്പുഴയിലേക്കു ചാക്കുകളുമായി നീങ്ങിയ സാനിക്കിന്റെ ഭാര്യയും കുട്ടികളും വാരിക്കൂട്ടിയത് ആറുചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.
മദ്യ കുപ്പികളും കവറുകളും ചില്ലു കുപ്പികളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. താനും കുടുംബവും തുടങ്ങി വച്ച പോരാട്ടം തുടക്കം മാത്രമാണന്ന് അദ്ദേഹം പറയുന്നു.
പുണ്യവാഹിനിയേ അശുദ്ധമാക്കുന്ന മുഴുവൻ മാലിന്യങ്ങളും തങ്ങളാൻ കഴിയും വിധം ശേഖരിച്ച് സംസ്ക്കരിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ഭാരതപ്പുഴയേ മലീമസമാക്കുന്നതിൽ മദ്യപൻമാർക്കുള്ള പങ്ക് വളരെ വലുതാണെന്ന് ഇദ്ദേഹം പറയുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഒരു പ്രദേശത്തെ മാലിന്യങ്ങൾ മുഴുവൻ പുഴയിൽ നിന്ന് ശേഖരിക്കാൻ ഇവർക്കായത്.
ഭാരതപ്പുഴയോരത്തോട് ചേർന്ന് കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്തു. ഇവർക്കൊപ്പം കൗണ്‍സിലർ ഷൊർണൂർ വിജയനുമുണ്ടായിരുന്നു.
മാലിന്യം പുഴയിലും പരിസരത്തും തള്ളുന്നവരെ ബോധവത്കരിക്കുന്നതടക്കം നിയമനടപടികൾ സ്വീകരിക്കണമെന്ന് കൗണ്‍സിലർ ഷൊർണൂർ വിജയൻ ആവശ്യപ്പെട്ടു.
നഗരസഭ സെക്രട്ടറിക്കും പോലീസിനും പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് നഗരസഭയുടെ മാലിന്യസംഭരണകേന്ദ്രത്തിലേക്ക് കൈമാറി.
പുഴയോരത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് ടിന്നുകളും മുഖാവരണങ്ങളും ബലികർമങ്ങൾക്കായി കൊണ്ടുവന്ന് ഉപേക്ഷിക്കുന്ന വസ്തുക്കളും നാപ്കിനുകളും തള്ളിയിട്ടുണ്ട്.
മാലിന്യങ്ങൾ തടയണയിലെ കുടിവെള്ളസ്രോതസിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഭാരതപ്പഴ ശുചീകരണം തുടരാൻ തന്നെയാണ് സാനിക്കിന്റെ തീരുമാനം.