കൽപ്പറ്റ: മേപ്പാടി ഏഴാംചിറ തുറയൻകുന്ന് മൂങ്ങേലിൽ സനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു തത്പരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിനു കുപ്രചാരണം നടത്തുകയാണെന്നു മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ആരോപിച്ചു.
പ്രകൃതിദുരന്തത്തിൽ വീട് നശിച്ചതിനുള്ള സർക്കാർ സഹായം സനിലിനു കിട്ടാൻ തടസമായത് ബാങ്ക് അക്കൗണ്ടിന്റെ സ്വഭാവമാണെന്നു അദ്ദേഹം പറഞ്ഞു. മരണത്തിന്റെ ഉത്തരവാദിത്തം നിയോജകമണ്ഡലം എംഎൽഎയുടെയും മേപ്പാടി പഞ്ചായത്തിന്റെയും തലയിൽ കെട്ടിവച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിക്കുന്നത്.
പ്രകൃതിദുരന്താനന്തര പ്രവർത്തനങ്ങളിൽ സർക്കാരും എംഎൽഎയും പഞ്ചാത്തും കാട്ടുന്ന ആത്മാർഥതയെ തത്പരകക്ഷികൾ തമസ്കരിക്കുകയാണ്. 2019 ഓഗസ്റ്റിലെ പ്രളയത്തിൽ സനിലിന്റെ വീട് പൂർണമായും തകരുകയുണ്ടായി.
വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥർ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു. വീടിനു 75 ശതമാനത്തിലധികം നാശം ഉണ്ടായതിനാൽ പൂർണനാശം കണക്കാക്കി റീബിൽഡ് കേരള ലിസ്റ്റിൽ യൂണിക് നന്പർ 51219109300260 ആയി ഉൾപ്പെടുത്തി പുതിയ വീടു നിർമിക്കാൻ പണം അനുവദിച്ച് സർക്കാർ ഉത്തരവായതാണ്.
ഈ വിവരം പഞ്ചായത്ത് ഭരണസമിതിയംഗം സനിലിനെ അറിയിക്കുകയുമുണ്ടായി. സർക്കാർ അനുവദിച്ച തുക സനിലിനു കിട്ടാൻ തടസമായത് ബാങ്ക് അക്കൗണ്ടിന്റെ സ്വഭാവമാണ്. എസ്ബിഐ കോട്ടപ്പടി ബ്രാഞ്ചിൽ ഭാര്യ സജിനിയുടെ പേരിലുള്ള ജനപ്രിയ സീറോ ബാലൻസ് അക്കൗണ്ട് നന്പരാണ് സഹായധനം സ്വീകരിക്കുന്നതിനു നൽകിയിരുന്നത്.
ഇത്തരം അക്കൗണ്ടിൽ ഒരു സാന്പത്തികവർഷം ഒരു ലക്ഷത്തിലധികം രൂപ കൈമാറ്റം ചെയ്യാൻ കഴിയില്ല. സജിനിയുടെ അക്കൗണ്ടിൽ നടപ്പുസാന്പത്തികവർഷം 29,000 രൂപയുടെ കൈമാറ്റം നടന്നിട്ടുണ്ട്. പ്രളയത്തിൽ വീടു നഷ്ടമായരുടെ ആദ്യഗഡു സഹായധനം 1,01,900 രൂപയാണ്. അടിയന്തര സഹായമായ 10,000 രൂപയടക്കം 1,11,900 രൂപയാണ് അക്കൗണ്ടിൽ എത്തേണ്ടിയിരുന്നത്. അക്കൗണ്ടിന്റെ സ്വഭാവം തുകയുടെ കൈമാറ്റത്തിൽ സാങ്കേതിക തടസമായി.
ലൈഫ് ഭവന പദ്ധതിയിൽ സനിലിനെ അവഗണിച്ചുവെന്ന പ്രചാരണം ശരിയില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു സനിൽ അപേക്ഷിച്ചിരുന്നു. ഭവനരഹിതരുടെ അപേക്ഷകൾ പഞ്ചായത്ത് ഗ്രാമസഭകളുടെ അംഗീകാരത്തിനു സമർപ്പിച്ചു.
ഇതിനുസരിച്ച് സനിൽ ഉൾപ്പെടുന്ന മൂന്നാം വാർഡ് ഗ്രാമസഭായോഗം 2017 സെപ്റ്റംബർ 30നു വാഴക്കണ്ടി സാംസ്കാരിക നിലയത്തിൽ ചേർന്നു. വാർഡുതല ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോൾ നിലവിൽ വീടുള്ളതിനാൽ സനിലിന്റെ അപേക്ഷ മുൻഗണനാലിസ്റ്റിൽനിന്നു ഒഴിവായി.
പട്ടികയിൽനിന്നു ഒഴിവായ 16 അപേക്ഷകരിൽ 15-ാമത്തെ പേരുകാരനായിരുന്നു സനിൽ. പ്രളയത്തിൽ വീടു തകർന്നതിനുശേഷം പ്രസിദ്ധീകരിച്ച പി.എം.എ.വൈ പട്ടികയിൽ സനിൽ മൂന്നാം വാർഡ് ഗ്രാമസഭയുടെ ആദ്യ ഗുണഭോക്താവാണ്.
പ്രളയബാധിതർക്കു അടിയന്തരസഹായമായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ സനിലിനു ലഭിച്ചില്ല. ഇതിനു കാരണം റവന്യൂ വകുപ്പുതലത്തിൽ ഉണ്ടായ വീഴ്ചയാണെന്നാണ് മനസിലാക്കുന്നത്. സെൻട്രിംഗ് ജോലിക്കാരനും ചെറുകിട കരാറുകാരനുമായ സനിലിനെ സാന്പത്തിക പ്രയാസങ്ങൾ അലോസരപ്പെടുത്തിയിരുന്നതായാണ് അറിയുന്നത്.
മേപ്പാടിയിലെ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 60,000 രൂപ കടം ഉണ്ടായിരുന്നു. പലരിൽനിന്നു കൈവായ്പയായി വാങ്ങിയ ഒരു ലക്ഷത്തോളം രൂപ സമയബന്ധിതമായി തിരിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു പണം കണ്ടെത്തുന്നതിനും പ്രയാസപ്പെട്ടിരുന്നു. വിഷമതകൾ പുറമേയുള്ളവരുമായി അദ്ദേഹം പങ്കുവച്ചിരുന്നില്ല.
സനിലിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും പഞ്ചായത്ത് ലഭ്യമാക്കും. രണ്ടു മക്കളുടെയും വിദ്യാഭ്യാസച്ചെവ് പഞ്ചായത്ത് ഏറ്റെടുക്കും. ഭവനനിർമാണത്തിനു തുക ലഭിക്കുന്നതിലെ സങ്കേതിക തടസം നീക്കുന്നതിനു ഇടപെടും.
സനിലിന്റെ കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയിൽ വീടു പണിയുന്നതിനു നിയമതടസം ഉണ്ടെന്നു ബോധ്യമായാൽ വേറെ ഭൂമി വേറെ ഭൂമി കണ്ടെത്തും. പുത്തുമല ദുരന്തബാധിതർക്കൊപ്പം സനിലിന്റെ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഷൈജ ബേബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തന്പി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. സീനത്ത് എന്നിവരും പങ്കെടുത്തു.