കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ മാസ്കിനും സാനിറ്റൈസറിനും വില ഉയരുന്നു. ഒന്നാം ഘട്ടം അയഞ്ഞവേളയിൽ മന്ദഗതിയിലായ ഇവയുടെ വിപണി വീണ്ടും ഉണർന്നതാണ് വില കുത്തനെ കൂടാൻ ഇടയായത്.
കോവിഡ് പ്രതിരോധം കടുപ്പിച്ചതോടെ ആവശ്യക്കാർ ഏറിയതും ചാകരയായി. ഇരട്ട മാസ്ക് ധരിക്കണമെന്ന നിർദ്ദേശം വന്നതിനാൽ മാസ്ക് വിൽപ്പനയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
നേരത്തെ അഞ്ചുരൂപയ്ക്ക് നൽകിയിരുന്ന സർജിക്കൽ മാസ്ക് കിട്ടണമെങ്കിൽ ഏഴ് മുതൽ 15 രൂപ വരെ നൽകണം. മൂന്ന് ലെയർ മാസ്കിന് 10ൽ നിന്ന് 25 രൂപയായി.
എൻ 95 മാസ്കുകൾക്കും 50 മുതൽ തുടങ്ങുന്നു. എൻ 95 എന്ന പേരിൽ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. കൂടുതൽ വിലയും കുറഞ്ഞ സുരക്ഷയുമുള്ള ഇത്തരം എൻ.95 മാസ്കുകൾ വിപണിയിൽ സജീവമാകുന്നത് ഭീഷണി ഉയർത്തുകയാണ്.
സാനിറ്റൈസറിന്റെ ഉപയോഗം വീണ്ടും വ്യാപകമായെങ്കിലും പല കമ്പനി സാനിറ്റൈസറുകൾക്കും ഗുണനിലവാരം കുറവാണെന്ന ആക്ഷേപമുണ്ട്.