ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗറിനോട് സൗജന്യ സാനിറ്ററി പാഡുകള്‍ ചോദിച്ച് ശ്രദ്ധ നേടിയ റിയ കുമാരി എന്ന വിദ്യാര്‍ഥിനിയ്ക്ക് പരസ്യ ഓഫറുമായി സാനിറ്ററി പാഡ് കമ്പനി. ട
ഇതുകൂടാതെ റിയയുടെ ബിരുദം വരെയുള്ള മുഴുവന്‍ പഠനച്ചെലവും കമ്പനി വഹിക്കും. ഒരു വര്‍ഷത്തേക്ക് സാനിറ്ററി പാഡുകള്‍ നല്‍കാമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സ്കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിനുകള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ ഇനി കോണ്ടവും സര്‍ക്കാര്‍ നല്‍കണോ എന്ന് വനിതാ ശിശുക്ഷേമ അദ്ധ്യക്ഷ ചോദിച്ചത് വലിയ വിവാദമായിരുന്നു.
‘പെണ്‍കുട്ടികളെ ശാക്തീകരിക്കു ബീഹാറിനെ ഉന്നതിയിലെത്തിക്കൂ ‘എന്ന ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് ഹര്‍ജോത് കൗറിന്റെ വിവാദ പരാമര്‍ശം.
അവശ്യസാധനങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാന്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെടുന്നത്.
ധാരാളം സാധനങ്ങള്‍ സൗജന്യമായി നല്‍കാറുണ്ട്. 20 അല്ലെങ്കില്‍ 30 രൂപ വിലയുള്ള സാനിറ്ററി പാഡുകള്‍ തരാനാകില്ലേ എന്നായിരുന്നു റിയയുടെ ചോദ്യം.
എന്തിനാണ് സാനിറ്ററി പാഡുകള്‍ മാത്രം, നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാര്‍ ജീന്‍സും പാന്റും ഷൂസും നല്‍കാമെന്നും ഹര്‍ജോത് പരിഹസിച്ചിരുന്നു.
എന്തിനാണ് എല്ലാം സര്‍ക്കാര്‍ തന്നെ തരണം എന്ന് വാശിപ്പിടിക്കുന്നത്. ഈ ചിന്ത തെറ്റാണെന്നും അവര്‍ പറഞ്ഞിരുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് കമ്പനി ഓഫറുമായി എത്തിയത്.
നേരത്തെ ആളുകള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നില്ലെന്നും റിയ വിവാദത്തോടു പ്രതികരിച്ചു.
എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ വീടുവീടാന്തരം പോയി ആളുകളെ ബോധവാന്മാരാക്കുമെന്നും റിയ കൂട്ടിച്ചേര്‍ത്തു. ‘സാനിറ്ററി പാഡുകളെപ്പറ്റിയുള്ള എന്റെ ചോദ്യം തെറ്റിയില്ല. എനിക്ക് അത് വലിയ കാര്യമല്ല. പക്ഷേ പലരും ചേരികളില്‍ താമസിക്കുന്നവരാണ്. അവര്‍ക്ക് അത് വാങ്ങാന്‍ സാധിക്കില്ല. അതിനാല്‍ ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക തീര്‍ക്കാനാണ് ഞങ്ങള്‍ അവിടെ പോയത്. വഴക്കുണ്ടാക്കാനല്ല’. റിയാകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.