ആർത്തവത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതിന് ആൺ-പെൺ വ്യത്യാസം കാണിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ഇന്നിന്റെ തലമുറയിലെ കുട്ടികളോട്. പണ്ടത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് ആർത്തമുണ്ടായെന്ന് പറയുന്നത് പോലും നാണക്കേടായിരുന്നു.
എന്നാൽ കാലം അധികം കടന്നു പോയപ്പോൾ ഇതൊക്കെ ഒരു സ്വാഭാവിക പ്രക്രിയയായി ആളുകൾ കരുതുന്നു. അതിനുദാഹരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ വൈറലാകുന്ന സഹോദരങ്ങളുടെ വീഡിയോ.
ഒരു ചേട്ടൻ തന്റെ അനുജനോട് ആർത്തവത്തെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്. പന്ത്രണ്ട് വയസായ നിനക്ക് എന്താണ് ആർത്തവമെന്ന് അറിയുമോ എന്ന ചേട്ടന്റെ ചോദ്യത്തോടെയാണ് വീഡിയോയുടെ തുടക്കം. തന്റെ അനുജനോട് ആർത്തവത്തിന്റെ എല്ലാകാര്യങ്ങളും ചേട്ടൻ വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് എല്ലാ മാസവും ഇങ്ങനെ സംഭവിക്കുന്പോൾ അത്യധികം വേദനയുണ്ടാകില്ലേ എന്ന് അനിയൻ ചോദിക്കുന്നു. സഹിക്കാൻ സാധിക്കാത്തത്ര വേദനയെന്നാണ് ചേട്ടന്റെ മറുപടി. ഇതെല്ലാം കേട്ട ശേഷം അനുജനെ കൊണ്ട് സാനിറ്ററി പാഡ് വാങ്ങിപ്പിക്കുകയും, എല്ലാ പെണ്ണുങ്ങളെയും താൻ സേഫ് ആക്കുമെന്ന് അവൻ പറയുന്നതും വീഡിയോയിലുണ്ട്.