തിരുവനന്തപുരം: സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്തു സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്ന ബൈക്ക് മോഷ്ടാവ് സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി . തിരുവനന്തപുരം ബാലരാമപുരം സ്വദേശി സനിത്ത് ആണ് പിടിയിലായത്. ജോലി ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന പരസ്യബോർഡുകൾ പതിച്ചാണ് സ്ത്രീകളെ ഇയാൾ വലയിലാക്കിയത്. ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് ഐഎസ്ആർഒ, ടെക്നോപാർക്ക്, വാട്ടർ അഥോറിറ്റി, ഐസർ എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകിയാണ് പ്രതി പണം തട്ടിയത്.
ജോലി ആവശ്യമുള്ളവരുടെ ബയോഡാറ്റയും ഫോട്ടോയും മൊബൈൽ നമ്പരും വാങ്ങിയശേഷം വിവിധ സ്ഥലങ്ങൽ വച്ച് തൊഴിൽ അന്വേഷിക്കുന്നവരുമായി ബന്ധപ്പെട്ട് വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷമാണ് ജോലിക്കായി പണം ആവശ്യമുള്ളതായി ഇയാൾ പറയുന്നത്.
ജോലി അന്വേഷിച്ചെത്തിയവരിൽ നിന്നും പതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെയും പ്രതി ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. സാമ്പത്തിക സ്ഥിതിയില്ലാത്ത സ്ത്രീകൾ ഇതിനായി ബ്ലേഡ് പലിശക്കാരിൽ നിന്നും വാങ്ങിയ പണവും സ്വർണാഭരണങ്ങളും ഇയാൾക്കു നൽകും. പണം ചോദിച്ചു വിളിക്കുന്നവരെ ഇയാൾ ഭീക്ഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.
ഇത്തരത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി 50 ലധികം സ്ത്രീകളുടെ കൈയിൽ നിന്നും പണം തട്ടിയിട്ടുണ്ട്. പ്രതിക്കെതിരെ നിരവധി പരാതികൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടയിൽ ഇയാൾക്ക് ന്യൂ ജനറേഷൻ ബൈക്കുകൾ മോഷ്ടിക്കുന്ന പതിവുണ്ടെന്ന് കണ്ടെത്തി. ഇയാൾക്കെതിരേ കരമന പോലീസ് സ്റ്റേഷനിൽ വിതുര സ്വദേശിനിയായ ഒരു സ്ത്രീയുടെ സ്വർണമാല അപഹരിച്ച കേസ്, വിതുര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥാപനത്തിൽ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസ്, തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടയം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസ് ,നെയ്യാറ്റിൻകര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസ് എന്നിവ നിലവിലുണ്ട്. ഇയാളിൽ നിന്ന് നാലു മോഷണ ബൈക്കുകൾ പോലീസ് കണ്ടെത്തി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാറിന്റെ നിർദേശാനുസരണം ഡിസിപി അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം അസി.കമ്മീഷണർ വി. സുരേഷ്കുമാർ, കരമന എസ്ഐ ശ്യാം, ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.