പയ്യന്നൂര്‍: അക്ഷരം കൂട്ടിവായിക്കാനറിയില്ലെങ്കിലും അക്ഷരത്തെറ്റില്ലാതെ സാനിദ്യ ഏത് പാട്ടും പാടും. സംഗീതത്തോടുള്ള ഈ കമ്പമാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ 49 സ്റ്റേജുകളില്‍ പാടാനുള്ള അവസരം ഈ കൊച്ചുമിടുക്കിക്ക് ലഭിക്കാനിടയായത്.
പയ്യന്നൂര്‍ കണ്ടോത്തെ വെല്‍ഡിംഗ് തൊഴിലാളിയായ സന്തോഷിന്റെയും രഞ്ജിതയുടെയും രണ്ടു മക്കളില്‍ ഇളയവളും എടാട്ട് പിഇഎസ് വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയുമാണ് സാനിദ്യ. ഒരു പാട്ട് രണ്ടോ മൂന്നോ പ്രാവശ്യം കേട്ടുകഴിഞ്ഞാല്‍ ആ പാട്ട് ഈ കൊച്ചുമിടുക്കി മനഃപാഠമാക്കും.
തുടര്‍ന്ന് ഈണവും താളവും വരികളും തെറ്റാതെ പാടുകയും ചെയ്യും. സംഗീതത്തോടുള്ള മകളുടെ അഭിനിവേശം ശ്രദ്ധയില്‍പ്പെട്ടതോടെ ഒന്നര വര്‍ഷം മുമ്പാണ് പയ്യന്നൂര്‍ തപസ്യയിലെ വേണുവിന്റെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതം അഭ്യസിപ്പിക്കാന്‍ തുടങ്ങിയത്.
ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ച് സദസ്യരെ പിടിച്ചിരുത്താനുള്ള പ്രത്യേക കഴിവും സാനിദ്യയ്ക്കുണ്ട്. സാനിദ്യയുടെ കഴിവുകള്‍ മനസിലാക്കി ഗാനഗന്ധര്വന് യേശുദാസിന്റെ ശിഷ്യന് കണ്ണൂരിലെ രാജേഷ് രാജ്, കാസര്‍ഗോട്ടെ ഷെഹനായ് വിദ്വാന് ഹസന് ഭായ് എന്നിവര്‍ ഒഴിവുകിട്ടുമ്പോഴെല്ലാം കണ്ടോത്തെ വീട്ടിലെത്തി സംഗീതത്തില്‍ ശിക്ഷണം നല്‍കുന്നുണ്ട്.
പലപ്പോഴും രാജേഷ് രാജിന്റെ സ്റ്റേജ് പരിപാടികളിൽ പ്രധാന താരമായി വിലസുന്നതും സാനിദ്യ തന്നെയാണ്. ഇപ്പോള്‍ അന്‍പതാമത്തെ സ്റ്റേജില്‍ പാടിക്കുന്നതിനായി സാനിദ്യയ്ക്കു മുന്നില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ജോലിപോലും മാറ്റിവച്ച് മകളുടെ വളര്‍ച്ചയ്ക്കായി സമയം കണ്ടെത്തുന്ന മാതാപിതാക്കള്‍ കര്‍ണാടക സംഗീതത്തോടൊപ്പം വയലിന്, കീബോര്‍ഡ് എന്നിവയില്‍ക്കൂടി പരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ്.അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സഹോദരി നിവേദ്യ നൃത്തരംഗത്ത് ചുവടുറപ്പിച്ചുകൊണ്ടിരിക്കുകയാണ്.