പരിയാരം: 1946 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ ടിബി സാനിട്ടോറിയം വാര്‍ഡുകള്‍ കൊറോണ ബാധിതര്‍ക്കായി ഒരുങ്ങുന്നു. 1991 ല്‍ അടച്ചുപൂട്ടിയ പരിയാരം ടി ബി സാനിട്ടോറിയം പ്രവര്‍ത്തിച്ചിരുന്ന വാര്‍ഡുകള്‍ അറ്റകുറ്റപ്പണികളും പെയിന്റിംഗും നടത്തി ഐസോലേഷന് വാര്‍ഡുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന്റെ ഭാഗമായ ഈ കെട്ടിടങ്ങള്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ-സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമദാനമായിട്ടാണ് ശുചീകരിക്കുന്നത്.
1946 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച വാര്‍ഡുകളും പിന്നീട് 1958 ല്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ച ചാച്ചാ നെഹ്റുവിന്റെ പേരിലുള്ള രണ്ട് വാര്‍ഡുകളുമാണ് ഇന്നലെ എസ്എഫ്ഐ മാടായി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
ഇത് കൂടാതെ ടിബി സാനിട്ടോറിയത്തിന്റെ അവശേഷിച്ച വാര്‍ഡുകളും ക്വാര്‍ട്ടേഴ്സുകളും ആവശ്യമായി വരികയാണെങ്കില്‍ ഐസോലേഷന് വാര്‍ഡുകളായി മാറ്റും.
പഴയ വാര്‍ഡുകള്‍ ഐസോലേഷന് വേണ്ടി സജീകരിക്കുന്നതോടെ മെഡിക്കല്‍ കോളജിലെ പ്രധാന കെട്ടിടത്തില്‍ നിന്ന് രോഗികളെ അകറ്റി നിര്‍ത്താനും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനും സാധിക്കും.
അതിനിടെ ഇന്നലെ മുതല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഏഴാംനില മുഴുവനായും കോവിഡ്-19 വൈറസ് ബാധയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും പോസിറ്റീവ് റിപ്പോര്‍ട്ട് പുറത്തുവന്നവര്ക്കുമായി മാറ്റിവെച്ചു.
ഇതോടെ 70 രോഗികളെ ഇവിടെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ കഴിയും. 803 ല്‍ തുടരുന്ന വാര്‍ഡും ഇതോടൊപ്പം പ്രവര്‍ത്തിക്കും.
ഇപ്പോള്‍ പോസിറ്റീവ് റിപ്പോര്‍ട്ട് വന്ന അഞ്ച് രോഗികള്‍ ഉള്‍പ്പെടെ 37 പേരാണ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ തുടരുന്നത്. ഇതില്‍ 25 പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയിട്ടുള്ളവരാണ്.