സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന് ഹാന്‍ഡ് വാഷും സാനിറ്റൈസറും ശീലമാക്കാന്‍ പ്രചാരണം വ്യാപിക്കുമ്പോള്‍ കൈ കഴുകലിനു പകരം മുഴുവന്‍ ശരീരവും അണുവിമുക്തമാക്കാവുന്ന സാനിറ്റൈസര്‍ ഗേറ്റ് എന്ന ആശയവുമായി തൃശൂര്‍ സ്വദേശിനി സല്‍മ മുബാറക്ക്.
തൃശൂര്‍ മണികണ്ഠേശ്വരം വടക്കേക്കാട് തെക്കേപാട്ടയില്‍ മുബാറക്കിന്റെ ഭാര്യയും എംടെക് വിദ്യാര്‍ഥിനിയുമായ സല്‍മ മുബാറക്കാണു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ കുറേക്കൂടി വൃത്തിയും മികച്ചതും ആക്കാമെന്ന ചിന്തയിൽനിന്നു സാനിറ്റൈസര്‍ ഗേറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്.
എയര്‍പോര്‍ട്ടിലും മറ്റും സ്ഥാപിച്ചിട്ടുള്ള മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള ഗേറ്റാണു സല്‍മ സാനിറ്റൈസര്‍ ഗേറ്റ് എന്ന രീതിയില്‍ വിഭാവനം ചെയ്യുന്നത്. ഈ സാനിറ്റൈസര്‍ ഗേറ്റ് പ്രധാന വാതിലിനോടു ചേര്‍ന്നു സ്ഥാപിക്കുക. സാനിറ്റൈസര്‍ ഗേറ്റിന്റെ രണ്ടു പാളികള്‍ക്കിടയില്‍ സാനിറ്റൈസറുകള്‍ നിറച്ചിരിക്കും.
ഇതിനകത്തു കൂടി ആളുകള്‍ കടന്നുവരുമ്പോള്‍ സെന്‍സറിന്റെ സഹായത്താലോ അല്ലെങ്കില്‍ ബട്ടണ്‍ ഉപയോഗിച്ചോ മുകളില്‍നിന്നും രണ്ടു വശങ്ങളില്‍നിന്നുമായി ആളുകളുടെ ശരീരത്തിലേക്കു സാനിറ്റൈസര്‍ സ്പ്രെ ചെയ്യും. 20 മുതല്‍ 30 സെക്കന്റുകൊണ്ട് ആളുകളെ അണുവിമുക്തമാക്കും വിധം സ്പ്രെ ചെയ്യപ്പെടും.
വെറും ഹാന്‍ഡ് വാഷിനപ്പുറം ശരീരത്തെ ഏറെക്കുറെ പൂര്‍ണമായും അണുവിമുക്തമാക്കും വിധമാണ് സാനിറ്റൈസര്‍ ഗേറ്റ് സല്‍മ വിഭാവനം ചെയ്തിരിക്കുന്നത്. ഓഫീസുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി റോഡുകളില്‍ പോലും സ്ഥാപിക്കാവുന്ന വിധമാണു സല്‍മ ഇതു ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പൈപ്പുകള്‍ക്കും ഹാന്‍ഡ് വാഷിനും പൊതുസ്ഥലത്തെ സാനിറ്റൈസറുകള്‍ക്കും ഉള്ള സുരക്ഷാകുറവടക്കമുള്ള പല പ്രശ്നങ്ങളും അശുദ്ധമായ ഉപരിതലമടക്കമുള്ള പ്രശ്നങ്ങളും സാനിറ്റൈസര്‍ ഗേറ്റിലൂടെ ഇല്ലാതാക്കാമെന്നും ഇവയൊന്നും തൊടാതെ തന്നെ ശരീരം അണുവിമുക്തമാക്കാമെന്നും സല്‍മ പറയുന്നു.
മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥിനിയായ സല്‍മ തന്റെ മനസിലെ ആശയത്തിനു മിനിയേച്ചര്‍ രൂപം നല്കി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന് ഇ-മെയില്‍ വഴി അയച്ചു കൊടുത്ത് മറുപടിക്കായി കാത്തിരിക്കുകയാണ് സല്‍മ.
നേരത്തെ പ്രളയകാലത്ത് സല്‍മ ആവിഷ്കരിച്ച പ്രളയം നേരത്തെ അറിയാനുള്ള ഉപകരണത്തിന്റെ പേറ്റന്റിനുള്ള നടപടികൾ നടക്കുക യാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ഒരു ഉപകരണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും സല്‍മ നടത്തി വരുന്നു.
പിവിസി പൈപ്പുകൊണ്ട് സാനിറ്റൈസര്‍ ഗേറ്റ് ഫ്രെയിം നിര്‍മിക്കാമെന്ന് സല്‍മ പറഞ്ഞു. തന്റെ ആശയം പൊതുജനങ്ങളിലേക്കെത്തിയാല് അത് നല്ലരീതിയില്‍ കുറേക്കൂടി പെര്‍ഫെക്ട് ആയി വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും സല്‍മ കരുതുന്നു.