തൃശൂർ: കോവിഡിനെതിരേ പോരാട്ടത്തിനിറങ്ങിയ കിഡ്നിയച്ചൻ എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ പേരിൽ സാനിറ്റൈസറും ഇറങ്ങി. ദി കിഡ്നി പ്രീസ്റ്റ് എന്ന പേരിലാണ് സാനിറ്റൈസർ ഇറക്കിയിരിക്കുന്നത്.
അച്ചന്റെ സുഹൃത്തായ ഡോക്ടറാണ് കിഡ്നി പ്രീസ്റ്റ് എന്ന പേരിൽ ജെൽ ഹാൻഡ് സാനിറ്റൈസർ ഇറക്കിയിരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണയെന്ന നിലയിലാണ് സാനിറ്റൈസർ അച്ചന് എത്തിച്ചു നൽകിയത്.
അന്‍പത് മില്ലിലിറ്റർ അളവിലുള്ള ചെറിയ കുപ്പികൾ സൗജന്യമായാണ് അച്ചൻ തന്നെ കാണാൻ വരുന്നവർക്കും മറ്റുമായി വിതരണം ചെയ്യുന്നത്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോക്ക്ഡൗണ്‍ സമയത്ത് തെരുവുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി മൈക്കിൽ അനൗണ്‍സ്മെന്റുമായി ഇറങ്ങിയിരുന്നു.
കോവിഡിനെതിരെയുള്ള പോരാട്ടത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഫാ. ഡേവിസ് ചിറമ്മൽ കിഡ്നി ദാനം ചെയ്തതിന്റെ പതിനൊന്നാം വർഷമാണ് നാളെ.
വികാരിയായി പ്രവർത്തിക്കുന്ന കടങ്ങോട് പള്ളിയിൽ വച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്.