സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
അക്കാലത്ത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നടി സാധിച്ചു. ലൂസിഫര്‍ അടക്കം പല പ്രമുഖ സിനിമകളിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി എമ്പുരാന് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഫാഷനെക്കുറിച്ചും ഒരഭിമുഖത്തിലൂടെ തുറന്നു സംസാരിക്കുകയാണ് നടി.
“ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി. പക്ഷേ, അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത് എന്നിങ്ങനെ കമന്റുകള്‍ വരാന്‍ തുടങ്ങി.
ആളുകള്‍ അവരുടെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുകയാണ്. അപ്പോള്‍ ഞാന്‍ അവരെ ഉപദേശിക്കാനോ അതിനോട് പ്രതികരിക്കാനോ പോകാറില്ല. അതൊക്കെ ആലോചിച്ച് എന്റെ മാനസികാരോഗ്യം മോശമാക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കും. ഇതൊക്കെ ഈ യാത്രയുടെ ഭാഗമാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു”
“ഫാഷന്‍ മേഖല ഏറെ ഇഷ്ടമുള്ളതാണ്. ഏത് ഇവന്റിനും അണിഞ്ഞൊരുങ്ങി പോകുന്നതും ഫോട്ടോഷൂട്ട് ചെയ്യുന്നതുമൊക്കെ വ്യക്തിപരമായി സന്തോഷം നല്കുന്ന കാര്യങ്ങളാണ്. ചെറിയ യാത്രയ്ക്ക് ആണെങ്കില്‍ പോലും ഞാന്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കും. ഈ മേഖലയിലെ അപ്ഡേഷനുകളും അറിയും.
ഹോളിവുഡിലെ പ്രമുഖ ഫാഷന്‍ ഡിസൈന്മാരെ എല്ലാം ഫോളോ ചെയ്യുന്നുണ്ട്. അവിടെയൊക്കെ ഡിന്നറിന് പോകുന്നതു പോലും അണിഞ്ഞൊരുങ്ങിയാണ്. ഇവിടെയും അത്തരം മാറ്റങ്ങള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. ഇതിനൊക്കെ ഒരു നെഗറ്റീവ് വശം ഉണ്ട്. എന്നെക്കൊണ്ട് മോഡേണ്‍ കഥാപാത്രം മാത്രമേ ചെയ്യാനാവുകയുള്ളൂ എന്നൊരു തോന്നല്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായി”- സാനിയ പറയുന്നു.