ടെലിവിഷൻ ചാനലുകൾ സജീവമായതോടെ കേരളത്തിലും റിയാലിറ്റി ഷോകൾക്ക് പ്രിയമേറി. നൃത്തം, സംഗീതം, പാചകം, ഫാഷൻ, അഭിനയം എന്നിങ്ങളെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി റിയാലിറ്റി ഷോകൾ കേരളത്തിലെ വിവിധ ചാനലുകളിലായി നടക്കാറുണ്ട്. ഇന്ന് ലൈം ലൈറ്റിൽ പ്രശസ്തരായി നിൽക്കുന്ന പലരും റിയാലിറ്റി ഷോയിലൂടെ എത്തിയവരാണ്.
അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായി നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ഡി ഫോർ ഡാൻസ് അടക്കമുള്ള ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു സാനിയ. ചിലതിൽ വിജയിയായിട്ടുമുണ്ട്. റിയാലിറ്റി ഷോകളുടെ ഭാഗമായാൽ ജീവിതം സുഖമാണെന്നാണ് അതിന് പിന്നിലെ യഥാർഥ കഥ അറിയാത്തവർ ഇപ്പോഴും കരുതിയിരിക്കുന്നതെന്നു സാനിയ ഇയ്യപ്പൻ പറയുന്നു. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാനിയ.
എന്റെ ഉള്ളിലുള്ള സ്ട്രംങ്ത്തിൽ ഏറ്റവും കൂടുതൽ വിശ്വാസം വച്ചിരുന്നത് എന്റെ അമ്മയാണ്. ഞാൻ വിചാരിച്ചതുപോലുള്ള സിനിമ ഒന്നും എനിക്ക് ലഭിക്കാതിരുന്നപ്പോൾ കരിയറിനെ കുറിച്ച് നിരന്തരം അമ്മയോട് ഞാൻ പറയുമായിരുന്നു. സിനിമ വിടാൻ പോവുകയാണെന്നും പറയുമായിരുന്നു.
ഒരിടയ്ക്ക് എല്ലാം വിട്ട് ഡാൻസ് പഠിപ്പിക്കാമെന്നും ഫാഷൻ ഡിസൈനിംഗ് പഠിക്കാമെന്നുമെല്ലാമുള്ള തോന്നൽ എനിക്ക് വന്നിരുന്നു. കാരണം അത്രത്തോളം സ്ട്രസ് ഞാൻ ആ സമയത്ത് അനുഭവിച്ചിരുന്നു. എവിടെ പോയാലും ആളുകൾ ചോദിച്ചിരുന്നത് സിനിമ ഒന്നും ഇല്ലേയെന്നാണ്. ഒരു ഫംഗ്ഷന് പോയാൽ ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയോ എന്നതല്ല അവർ വിഷയമാക്കുന്നത് സിനിമ ഒന്നും ഇപ്പോൾ ഇല്ലേ എന്നതാണ്.
സിനിമയിൽ അവസരം കുറഞ്ഞതുകൊണ്ട് ഫംഗ്ഷന് വന്നുവെന്ന രീതിയിലാണ് ആളുകളിൽ പലരും കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അതൊക്കെ ഡിപ്രഷനിലാക്കുമായിരുന്നു. സിനിമയ്ക്കിടയിലൂടെ മറ്റ് പ്രൊഫഷൻ ഏതെങ്കിലും നോക്കിക്കൂടേയെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇതിനെ മാത്രം ആശ്രയിച്ച് നിൽക്കരുതെന്നും പറയുമായിരുന്നു. പക്ഷെ അമ്മ എപ്പോഴും പറഞ്ഞിരുന്നത് എല്ലാം ശരിയാകും എന്നാണ്.
കുട്ടിക്കാലത്ത് ഒരുപാട് സ്ട്രഗിൾ അനുഭവിച്ചിട്ടുണ്ട്. ആളുകൾ സിംപതിയായി കണക്കാക്കുമെന്ന് കരുതി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. കുട്ടിക്കാലം മുതൽ എന്റെ സ്വപ്നം ഒരു വീടായിരുന്നു. ഞങ്ങളുടേത് ഒരു ഡീസന്റ് മിഡിൽ ക്ലാസ് ഫാമിലിയായിരുന്നു. അച്ഛന് പറ്റുന്നതെല്ലാം തന്ന് തന്നെയാണ് അദ്ദേഹം ഞങ്ങളെ വളർത്തിയത്. അച്ഛനായിരുന്നു ഞാൻ സിനിമയിൽ വരണമെന്ന് ഏറ്റവും ആഗ്രഹം. സൂപ്പർ ഡാൻസറായിരുന്നു ഞാൻ പങ്കെടുത്ത ആദ്യ റിയാലിറ്റി ഷോ.
ആസ്തമ അടക്കം ഉണ്ടായിട്ടും അമ്മയായിരുന്നു എനിക്കൊപ്പം എല്ലായിടത്തും വന്നിരുന്നത്. അച്ഛൻ ഒരുപാട് പണം ഞാൻ റിയാലിറ്റി ഷോയുടെ ഭാഗമായശേഷം മുടക്കിയിട്ടുണ്ട്. എട്ട് വയസ് മുതൽ എന്റെ കരിയർ തുടങ്ങിയതാണ്. ഡി ഫോർ ഡാൻസ് വന്നപ്പോൾ പോകരുത് എന്റെ കൈയിൽ പണമൊന്നും ഇല്ലെന്ന് അച്ഛൻ പറയുമായിരുന്നു. പക്ഷെ ഞാൻ കെഞ്ചി പറഞ്ഞു. കാരണം എസ്റ്റാബ്ലിഷ് ആകാൻ പറ്റുന്ന ഒരു സ്റ്റേജായിരുന്നു അത്.
ഏകദേശം 18, 20 ലക്ഷത്തോളം രൂപ അച്ഛൻ റിയാലിറ്റി ഷോയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. അമ്മയുടെ സ്വർണ്ണം അടക്കം ഉപയോഗിച്ചു. 35,000 രൂപ വരെയാണ് കൊറിയോഗ്രഫിക്ക് കൊടുത്തിരുന്നത്. കൂടാതെ ഡാൻസേഴ്സ് പ്രോപ്പർട്ടി, കോസ്റ്റ്യൂം എന്നിവയ്ക്കും നല്ലൊരു തുക ചെലവാകും. എന്റെ വാശിയിലാണ് വീട്ടുകാർ എല്ലാം എനിക്ക് വേണ്ടി ചെയ്ത് തന്നത്- സാനിയ അയ്യപ്പൻ പറയുന്നു.