കോഴിക്കോട്ട് ഷോപ്പിംഗ് മാളില് യുവനടിമാര്ക്കെതിരേ നടന്ന പീഡനശ്രമത്തില് പ്രതിയെക്കണ്ടെത്താനാവാതെ വലഞ്ഞ് പോലീസ്.
കയറിപ്പിടിച്ചയാളെന്നു കരുതി നടി മുഖത്തടിച്ച ആളല്ല പ്രതിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില് വ്യക്തമായി.
പ്രതികളെക്കുറിച്ച് ഇതു വരെ വിവരങ്ങള് ലഭിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര് പറഞ്ഞു. സംഭവത്തില് പോലീസിന്റെ അന്വേഷണം തുടരുകയാണ്.
സംഭവത്തില് പ്രതികളെ കുറിച്ചുള്ള സൂചനകള് ഒന്നും ലഭിച്ചില്ല. സിനിമാ പ്രൊമോഷന് പരിപാടിയുടെ ഭാഗമായി പലരും പകര്ത്തിയ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞദിവസങ്ങളില് ശേഖരിച്ചത്.
അണിയറപ്രവര്ത്തകരടക്കം കാമറയില് എടുത്ത ദൃശ്യങ്ങളുടെ ആറ് ഫയലുകള് പരിശോധിച്ചു. നടിമാര് ഇറങ്ങിപോകുന്നത് മൊബൈലില് പകര്ത്തിയത് 20 പേരാണെന്ന് മറ്റു ദൃശ്യങ്ങളില് നിന്ന് മനസിലായി.
ഇതേത്തുടര്ന്ന് പോലീസ് ഇവരുടെ മൊബൈല് ദൃശ്യങ്ങള് പരിശോധിച്ചെങ്കിലും തെളിവുകള് ഒന്നും ലഭിച്ചില്ല. കൂടാതെ നടിമാര്ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
അതിക്രമം കാട്ടിയ ഒരാളെ നടിമാരില് ഒരാള് മുഖത്തടിക്കുകയും ചെയ്തിരുന്നു. എന്നാല് ഇയാള് അല്ല പ്രതിയെന്ന് അന്വേഷണത്തില് വ്യക്തമായി.
35 മീറ്റര് അകലെയാണ് സിസിടിവി. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സിസിടിവിയില് കാര്യമായി ഒന്നും പതിഞ്ഞിട്ടില്ല.
ദൃശ്യങ്ങള് പരിശോധിക്കാന് ഡല്ഹിയിലേക്ക് അയച്ചിരുന്നു. എന്നാല് പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികളെ കണ്ടാല് അറിയാമെന്ന് നടിമാര് പോലീസിന് മൊഴി നല്കിയിരുന്നു.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കാണ് യുവനടിമാരും നടന്മാരും അടങ്ങുന്ന സംഘം മാളിലെത്തിയത്.
വന് ജനക്കൂട്ടമാണ് പരിപാടി കാണാനായി മാളില് തടിച്ചുകൂടിയത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാര്ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.
സിനിമയുടെ സംവിധായകന്റെയും നടിമാരില് ഒരാളുടെയും പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ കണ്ടെത്താനായില്ലെങ്കിലും അന്വേഷണ സംഘം പ്രതീക്ഷ കൈവിട്ടിട്ടില്ല.