ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽനിന്നും വിരമിച്ച പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷോയിബ് മാലിക്കിന് ആശംസ അറിയിച്ച് സാനിയ മിർസ. ഭർത്താവിന്റെ എല്ലാ നേട്ടങ്ങളിലും താനും മകൻ ഇഷാനും അഭിമാനിക്കുന്നതായി സാനിയ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മാലിക്കിന്റെ ഭാര്യകൂടിയായ സാനിയയുടെ പ്രതികരണം.
എല്ലാത്തിനും അവസാനമുണ്ട്. എന്നാൽ ജീവിതത്തിൽ എല്ലാ അവസാനങ്ങളും പുതിയ തുടക്കങ്ങളാണ്. രാജ്യത്തിനായി ഇരുപതുവർഷം അഭിമാനപൂർവം താങ്കൾ കളിച്ചു. വളരെ അധികം വിനയത്തോടും ആദരവോടും അത് നിങ്ങൾ തുടരുന്നു. താങ്കളുടെ എല്ലാ നേട്ടങ്ങളിലും താനും ഇഷാനും അഭിമാനിക്കുന്നതായി സാനിയ ട്വീറ്റ് ചെയ്തു.
ലോകകപ്പിൽനിന്നും സെമി കാണാതെ പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെയാണ് മാലിക്ക് ഏകദിന ക്രിക്കറ്റിൽനിന്നും വിരമിച്ചത്. ഏറെനാൾ മുന്നേ തന്നെ ഈ തീരുമാനം എടുത്തിരുന്നതാണെന്നും എന്നാൽ, പലകാരണങ്ങൾ കൊണ്ട് വിരമിക്കൽ പ്രഖ്യാപനം നീളുകയായിരുന്നവെന്നും മാലിക്ക് പറഞ്ഞു. ഒപ്പം കളി ച്ചവർക്കും, പരിശീലകർക്കും, സുഹൃത്തുക്കൾക്കും, സ്പോൺസർമാർക്കും, മാധ്യമങ്ങൾക്കും, കുടുംബാംഗങ്ങൾക്കും എല്ലാത്തിലുമുപരി ആരാധകർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മാലിക്ക് കൂട്ടിച്ചേർത്തു.
നിലവിലെ ലോകകപ്പ് ഷോയിബിന് അത്ര നല്ല ഓർമകളല്ല സമ്മാനിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് വെറും എട്ട് റൺസ്. പ്രതിഭ യുടെ മിന്നലാട്ടം പോലും കാണിക്കാതിരുന്ന ഷോയിബ് മൂന്നിൽ രണ്ട് മത്സരങ്ങളിലും “സംപൂജ്യനു’മായിരുന്നു. ഇതോടെ ആരാധകർ അദ്ദേഹത്തിനെതിരെ തി രിഞ്ഞിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.