ഹൊബാർട്ട്: അമ്മയായ ശേഷം ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യയുടെ സാനിയ മിർസയ്ക്ക് വിജയത്തുടക്കം. ഹൊബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ സാനിയ-നാദിയ കിച്ചിനോക്കി സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ ഒക്സാന കലാഷ്നിക്കോവ (ജോർജിയ)-മിയു കാറ്റോ (ജപ്പാൻ) ജോടിയെ തോൽപ്പിച്ചു. സ്കോർ: 2-6, 7-6, 10-3.
രണ്ടു വർഷത്തിനു ശേഷമാണ്, മുപ്പത്തിമൂന്നുകാരിയായ സാനിയ ടെന്നിസ് സർക്യൂട്ടിലേക്കു മടങ്ങിയെത്തിയത്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. 2018 ഒക്ടോബറില്‍ ആൺകുഞ്ഞിന്റെ അമ്മയായ സാനിയ നവംബറില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു.
ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്ട്രേലിയൻ ഓപ്പണിലും കളിക്കും. അമേരിക്കൻ താരം രാജീവ് റാമിനൊപ്പം മിക്സഡ് ഡബിൾസിലാണ് സാനിയ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുക.