പാലാ: പാലാക്കാരൻ ചേട്ടൻ, പാൽക്കാരൻ പാലാ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ രാഷ്ട്രീയ സാമൂഹിക നേതാക്കളെ അപകീർത്തിപ്പെടുത്തുകയും അപവാദ പ്രചരണം നടത്തുകയും ചെയ്ത കേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പാലാ സ്വദേശി സഞ്ജയ് സക്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി പരേതനായ കെ.എം മാണി, കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലകരമായ പരാമർശങ്ങൾ നിരന്തരം നടത്തുകയും ചെയ്തതിനെതിരെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.
വിശദമായ വാദം കേട്ട കോടതി കേസിന്റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. വീണ്ടും എഫ്ഐആർ ക്യാൻസലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യത്തിന് പരിശ്രമിക്കുകയും ചെയ്തു. അവിടെയും പരാജയപ്പെട്ടതോടെയാണ് കീഴടങ്ങുവാൻ പ്രതി നിർബന്ധിതനായത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി എം.എം. മണി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർക്കെതിരെയും സഞ്ജയ് സക്കറിയ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇയാളുടെ ഫോണിൽനിന്നും മെമ്മറി കാർഡും സിം കാർഡും മറ്റ് കന്പ്യൂട്ടർ ഡിവൈസുകളും നീക്കം ചെയ്തതായി പരിശോധനയിൽ വ്യക്തമായി.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പാലാ എസ്എച്ച് കെ.പി. തോംസണ് പറഞ്ഞു. സമാനമായ കുറ്റം ചെയ്ത മജീഷ് കൊച്ചുമലയിൽ എന്നയാളെ ഇതിനുമുന്പ് കോടതി ശിക്ഷിച്ചിരുന്നു.