സ്വന്തം ലേഖകൻ
മാനന്തവാടി: ക്രിക്കറ്റിനൊപ്പം വെള്ളിത്തിരയിലും തിളങ്ങി ശ്രദ്ധേയയാവുകയാണ് കേരള വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സജ്ന സജീവൻ. സംവിധായകൻ അരുണ്‍ രാജ കാമരാജ് ആദ്യമായി തമിഴിൽ സംവിധാനം ചെയ്ത “കന’ എന്ന സിനിമയിലൂടെയാണ് സജ്ന അഭ്രപാളിയിലും താരമായി മാറിയത്. ശിവ കാർത്തികേയൻ, ദർശൻ എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. ഐശ്വര്യ രാജേഷാണ് നായിക. സ്വന്തം പിതാവിന്റെ ആഗ്രഹം പൂർത്തീകരിക്കാനായി ഗ്രാമത്തിൽ നിന്നും നഗരത്തിലെത്തി ക്രിക്കറ്റിൽ അന്തരാഷ്ട്ര തലത്തിൽശ്രദ്ധേയമാകുന്ന യുവതിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ മുഖേനയാണ് സജ്നയ്ക്ക് അഭിനയിക്കാൻ അവസരമൊരുങ്ങിയത്. നായികയുടെ അടുത്ത സുഹൃത്തായി രണ്ടാം പകുതിക്ക് ശേഷം മുഴുനീള വേഷമാണ് ചിത്രത്തിൽ ഉള്ളത്. സിനിമയിൽ തുടരാൻ വലിയ മോഹമില്ലെന്നും കരിയറുമായി ബന്ധപ്പെട്ട സിനിമയായതുകൊണ്ടാണ് അഭിനയിച്ചതെന്നും ചിത്രം റിലീസായ ശേഷം നായകൻ ശിവ കാർത്തികേയൻ ഫോണിൽ ബന്ധപ്പെടുകയും വിശേഷങ്ങൾ ആരായുകയും സ്പൈക്ക് അയച്ച് കൊടുക്കുകയും ചെയ്തെന്നും സജ്ന പറഞ്ഞു.
നായിക ക്രിക്കറ്റ് ബാറ്റാണ് സമ്മാനമായി നൽകിയത്. രജനീകാന്തും കമൽ ഹസനുമാണ് സജ്നയുടെ ഇഷ്ടതാരങ്ങൾ. ഒരു മാസത്തോളം ചെന്നൈയിലായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തിൽ നിന്നും സജ്ന മാത്രമാണ് സിനിമയിൽ അഭിനയിച്ചത്. മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ചുട്ടക്കടവ് സജ്ന നിവാസിൽ ശാരദയുടെയും ഓട്ടോ ഡ്രൈവറായ സജീവന്റെയും മകളായ സജ്ന ക്രിക്കറ്റിലും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
രണ്ടുവർഷം കേരള അണ്ടർ- 23 വനിത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇന്ത്യൻ റെഡ്, ഗ്രീൻ ക്രിക്കറ്റ് ടീമുകളിൽ കളിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന വുമണ്‍ ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് തുടർച്ചയായ രണ്ടുവർഷവും സജ്നക്കാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി പുരസ്കാരങ്ങളും സജ്നയ്ക്ക് ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ ജിവനുതുല്യം സ്നേഹിക്കുന്ന സജ്ന ദിവസവും മാനന്തവാടിയിൽ നിന്നും കൃഷ്ണഗിരി സ്റ്റേഡിയത്തിൽ എത്തി പരിശീലനം നടത്തുന്നുണ്ട്.