കന്നഡ സിനിമയുമായി ബന്ധപ്പെട്ട് ഉയര്ന്നു വന്ന ലഹരിമരുന്ന് റാക്കറ്റ് കേസ് പുതിയ തലത്തിലേക്ക്. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള് കേന്ദ്രീകരിച്ചാണ് ഇപ്പോള് അന്വേഷണം നടക്കുന്നത്.
ബംഗളുരുവുവില് നിന്ന് ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് പാതയുടെ തെളിവുകള് ലഭിച്ചതിനെത്തുടര്ന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്സ് വിഭാഗങ്ങള് അന്വേഷണം വ്യാപിപ്പിക്കുന്നത്.
ചൂതാട്ടകേന്ദ്രം നടത്തിപ്പില് പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോണ്ഗ്രസ് എംഎല്എ സമീര് അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗല്റാണിയും തമ്മില് ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിര്മാതാവ് പ്രശാന്ത് സമ്പര്ഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില് പൊലീസ് വ്യാപകമാക്കി.
അതേസമയം, നടി സഞ്ജന ഗല്റാണിയുടെയും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്ട്ടി സംഘാടകനായ വിരേന് ഖന്നയുടേയും പൊലീസ് കസ്റ്റഡി 16 വരെ നീട്ടി. സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്പ്പിച്ചിട്ടില്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് നടത്തിയ ലഹരിമരുന്ന് ഇടപാടില് സഞ്ജനയ്്ക്ക് മുഖ്യപങ്കുള്ളതായാണ് സൂചന.