ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്ന ചിത്രമാണ് ഉയരെ. കായംകുളം കൊച്ചുണ്ണിക്കു ശേഷം ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ പാര്‍വതിയെ നായികയാക്കുന്നതിന് യാതൊരു പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു.
പാര്‍വതിയെ വച്ച് സിനിമ ചെയ്യുന്നതില്‍ യാതൊരു വിധ പ്രശ്നങ്ങളും ഞങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് പാര്‍വതി എന്നു പറയുന്നത് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതില്‍ മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്.
കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാന്‍ ഞങ്ങള്‍ക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങള്‍ക്കു മുന്നില്‍ പരിഗണനാവിഷയമായി വന്നില്ല. പാര്‍വതിയ്ക്കു നേരെ പലതരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.