പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ പോസ്റ്റ്. തികച്ചും വ്യത്യസ്തമായ പരോക്ഷ വിമര്‍ശനമാണ് ഭട്ട് നടത്തിയിരിക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുതെന്നാണ് സഞ്ജീവിന്റെ ഉപദേശം. കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്, അതാണ് അതിലേറെ രസകരമായിരിക്കുന്നത്.
ഇത്തരത്തില്‍ ചായ വിറ്റ് നടക്കുന്ന കുട്ടികളെ വഴിയരികില്‍ കാണുകയാണെങ്കില്‍ അത്തരം കുട്ടികളെ സ്‌കൂളിലയച്ചു വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണം. അല്ലെങ്കില്‍ അവന്‍ നാളെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായേക്കാം. ഇനിയൊരു ചായക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന് താങ്ങാനാവില്ലെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.
2002 ലെ ഗുജറാത്ത് വംശഹത്യയില്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാരിനെതിരെ കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സംഭവത്തിലൂടെയാണ് സഞ്ജീവ് ഭട്ട് എന്ന ഓഫീസര്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു എന്ന് അന്വേഷണത്തില്‍ ബോധ്യമായി എന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തോടെ ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ സഞ്ജീവ് ഭട്ട് 2011 മുതല്‍ സസ്‌പെന്ഷനിലുമായിരുന്നു. അനുമതിയില്ലാതെ അവധിയെടുത്തു എന്ന കാരണം പറഞ്ഞ്, അദ്ദേഹത്തെ പിന്നീട് സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.