ഇരിങ്ങാലക്കുട (തൃശൂർ): മാപ്രാണം വധക്കേസിലെ പ്രധാന പ്രതിയും വർണ തിയേറ്റർ നടത്തിപ്പുകാരനുമായ ഇരിങ്ങാലക്കുട സ്വദേശി നടുപുരയ്ക്കൽ സഞ്ജയ് രവി പിടിയിലായി. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം കീഴടങ്ങാൻ തൃശൂരിൽ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂരിലെ പ്രമുഖ അഭിഭാഷകന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. കൊലപാതകത്തിനുശേഷം തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലാണ് പ്രതി കഴിഞ്ഞിരുന്നത്. അതേ സമയം കൂട്ടു പ്രതികളായ അനീഷ്, ഗോകുൽ എന്നിവർ ഇപ്പോഴും ഒളിവിലാണ്.
ഇക്കഴിഞ്ഞ 13 ന് രാത്രി 12.30 നാണ് മാപ്രാണം വർണ തിയറ്റർ നടത്തിപ്പുകാരനും ക്വട്ടേഷൻ സംഘവും ചേർന്ന് തിയേറ്ററിനു സമീപം താമസിക്കുന്ന വാലത്ത് വീട്ടിൽ രാജനെ (63) വെട്ടി കൊലപ്പെടുത്തിയത്. സംഭത്തിൽ കുത്തേറ്റ രാജന്റെ മരുമകൻ വിനു ഇപ്പോഴും ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി ഒന്പതു മണിയോടെ രാജന്റെ മരുമകൻ വിനു തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയുമായി പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഭവത്തിന്റെ തുടക്കം. തിയറ്ററിനു സമീപത്തെ റോഡിൽ അനധികൃത പാർക്കിംഗ് നടത്തുന്നതിനാൽ ഈ വഴിയിലെ വീടുകളിലേക്കുള്ള സഞ്ചാരത്തിന് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇക്കാര്യം തിയറ്റർ നടത്തിപ്പുകാരനായ സഞ്ജയ് രവിയെ വിനു ഫോണിലൂടെ ധരിപ്പിച്ചു. സെക്കൻഡ് ഷോ കഴിഞ്ഞതിനുശേഷം നേരിൽ കാണാമെന്ന് സഞ്ജയ് രവി ഫോണിലൂടെ തന്നെ മറുപടി നൽകിയിരുന്നു.
പിന്നീട് അർധരാത്രി 12.30 ന് സഞ്ജയ് രവിയും മറ്റ് മൂന്നു പേരും ചേർന്ന് ഓട്ടോറിക്ഷയിൽ രാജന്റെ വീട്ടിൽ എത്തി വീട്ടുകാരെ വിളിച്ചിറക്കി മർദിച്ചു. മർദനത്തിനിടയിൽ സഞ്ജയ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാജനെയും വിനുവിനെയും കുത്തുകയും വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമത്തിനുശേഷം സംഘം ഓട്ടോറിക്ഷയിൽ തന്നെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജനെയും വിനുവിനെയും ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ രാജൻ മരിക്കുകയായിരുന്നു.
രാജൻ മരിച്ചതറിഞ്ഞ സംഘം കൊലപാതകത്തിനുശേഷം മദ്യപിച്ചതിനുശേഷം പിരിഞ്ഞു. സഞ്ജയ് രവിയും സംഘവും വാളയാർ വഴി അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നു. ഇതറിഞ്ഞ പോലീസ് സംഘം അന്യ സംസ്ഥാനങ്ങളിൽ അന്വേഷണങ്ങൾ നടത്തിവരികയായിരുന്നു. പ്രതികൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലും മറ്റും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കം നാലാം പ്രതി ഉൗരകം സ്വദേശി കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെന്നു വിളിക്കുന്ന സെൽവരാജി (25) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിയേറ്റർ നടത്തിപ്പുകാരനായ ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ താമസിക്കുന്ന നടുപുരയ്ക്കൽ സഞ്ജയ് രവി, രണ്ടാം പ്രതി തിയേറ്ററിലെ ജീവനക്കാരനായ പറപ്പൂക്കര രാപ്പാൾ സ്വദേശി കള്ളായിൽ വീട്ടിൽ തക്കുടു എന്നു വിളിക്കുന്ന അനീഷ്, പാഴായി സ്വദേശി കൊപ്പാട്ടിൽ വീട്ടിൽ ഗോകുൽ എന്നിവർക്കുവേണ്ടി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അറസ്റ്റിലായ നാലാം പ്രതി സെൽവരാജ് റിമാൻഡിലാണ്.