അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. ക്ഷണക്കത്ത് സ്പീഡ് പോസ്റ്റ് വഴി ലഭിച്ചു എന്നാണ് വിവരം.
എന്നാൽ സ്പീഡ് പോസ്റ്റ് വഴി ക്ഷണം ലഭിച്ചതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. ഉദ്ധവ് താക്കറെ രാമജന്മഭൂമി സമരത്തിൽ പ്രധാന പങ്കുവഹിച്ചതായും ശ്രീരാമന് ഇത് ക്ഷമിക്കില്ലെന്നും അതിനാൽ ശാപം കിട്ടുമെന്നും എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
‘സെലിബ്രിറ്റികൾക്ക് നിങ്ങള്‍ പ്രത്യേക ക്ഷണം നല്കുന്നു. പക്ഷേ താക്കറെ കുടുംബത്തോട് നിങ്ങള്‍ ഇങ്ങനെയാണോ പെരുമാറുന്നത്? രാമജന്മഭൂമി സമരത്തിൽ താക്കറെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശ്രീരാമന് നിങ്ങളോട് ക്ഷമിക്കില്ല, ഇതിന് ശപിക്കുകയും ചെയ്യും’ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
ശ്രീരാമൻ എല്ലാവരുടേതുമാണ് അതിനാൽ തന്നെ അയോധ്യ സന്ദര്‍ശിക്കാന്‍ ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് എപ്പോഴൊക്കെ പോകാന്‍ തോന്നുന്നുവോ അപ്പോഴൊക്കെ താൻ പോകും. രാമ ക്ഷേത്ര പ്രക്ഷോഭത്തിന് ശിവസേന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.